തമിഴ്നാട്ടിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു മുന്നിലേക്ക് ചാടിയ ദമ്പതികൾ കസ്റ്റഡിയിൽ. പൊലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ച വിദ്യാർഥിയുടെ മാതാപിതാക്കളാണ് പിടിയിലായത്.
ചെന്നൈയിൽ തമിഴ്നാട് സെക്രട്ടേറിയറ്റിന് സമീപം വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ റോഡരികിൽ നിന്നിരുന്ന ജനക്കൂട്ടത്തിൽനിന്ന് ദമ്പതിമാർ റോഡിലേക്ക് ചാടിവീഴുകയും വാഹനം തടഞ്ഞുനിർത്താൻ ശ്രമിക്കുകയുമായിരുന്നു.
മുഖ്യമന്ത്രിക്ക് നിവേദനം നൽകാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് സൂചന. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇവരെ തടയുകയായിരുന്നു.
‘അവർ പെട്ടെന്ന് വാഹനവ്യൂഹത്തിനു നേരെ ചാടി വീഴുകയായിരുന്നു. പക്ഷേ പൊലീസ് പെട്ടെന്ന് അവരെ പിന്തുടർന്നെത്തി പിടികൂടി.
അവരെ ചോദ്യം ചെയ്യുകയാണ്.’–ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ശിവഗംഗ ജില്ലയിലെ മനമധുരൈയിൽ പൊലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ച എൻജിനീയറിങ് വിദ്യാർഥിയായ ആകാശ് ഡെലിസണിന്റെ മാതാപിതാക്കളാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാർച്ചിലാണ് ആകാശ് മരണപ്പെട്ടത്. മകന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് അന്നുമുതൽ രക്ഷിതാക്കളും ബന്ധുക്കളും നിരന്തരമായ പ്രക്ഷോഭത്തിലാണ്.

