അങ്കമാലിയിൽ വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ കാൽവഴുതി വീണ് വയോധികന് ദാരുണാന്ത്യം. കറുകുറ്റി പഞ്ചായത്ത് 19-ാം വാർഡിൽ പീച്ചാനിക്കാട് കൂരൻ താഴത്തുപറമ്പിൽ കെ വി വർഗീസ് (80) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്. മോട്ടോറിന്റെ തകരാർ പരിഹരിക്കുന്നതിനായി ഇലക്ട്രീഷ്യനെ വരുത്തിയിരുന്നു.
ഇതിന്റെ മുന്നോടിയായി മോട്ടോറിൽ പടർന്നുപിടിച്ചിരുന്ന പുൽപ്പടർപ്പ് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് കാൽവഴുതിയത്. തുടർന്ന് കുളത്തിലേക്ക് വീഴുകയായിരുന്നു.
പരേതന്റെ ഭാര്യ ആഴകം പുളിയൻ കുടുംബാംഗം ഏല്യാമ്മയാണ്. സിന്ധു, സന്തോഷ് വർഗീസ് (യുഎസ്എ), സോണി (യു കെ) എന്നിവരാണ് മക്കൾ.
രശ്മി കാസർകോട് (യുഎസ്എ), ബിനു (യുകെ), പരേതനായ വർഗീസ് എന്നിവർ മരുമക്കളാണ്. മൃതദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 10.30ന് പീച്ചാനിക്കാട് സെന്റ് പീറ്റേഴ്സ് കിഴക്കെ പുത്തൻപള്ളി സെമിത്തേരിയിൽ നടക്കും.

