കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വൈസ് ചാൻസലർക്ക് എതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐ പ്രവർത്തകരായ 17 വിദ്യാർത്ഥികളുടെ അറസ്റ്റ് ഒരാഴ്ചത്തേക്ക് തടഞ്ഞുകൊണ്ട് കേരള ഹൈക്കോടതി ഉത്തരവായി.
ഹർജിയിലെ പൊലീസ് റിപ്പോർട്ട് തേടിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത്, മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് മാറ്റുകയായിരുന്നു. ഹർജി വീണ്ടും പരിഗണിക്കുന്ന ഈ മാസം 11 വരെയാണ് അറസ്റ്റിന് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ ഓഗസ്റ്റ് 13ന് ക്യാമ്പസിൽ നടന്ന സംഭവങ്ങളിൽ കാലടി പൊലീസ് സ്വമേധയാ എടുത്ത ആദ്യ കേസിൽ മുദ്രാവാക്യം വിളിച്ചതും വഴി തടസപ്പെടുത്തിയത് മാത്രമാണ് ഉൾപ്പെട്ടിരുന്നത് എന്ന് വിദ്യാർഥികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ മൂന്നു ദിവസത്തെ കാലതാമസത്തിന് ശേഷം, വൈസ് ചാൻസലറുടെ പരാതിയിൽ ഗുരുതര ആരോപണങ്ങളോടെ പൊലീസ് രണ്ടാമതൊരു എഫ്ഐആർ കൂടി റജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
തുടർന്ന് പ്രതി ചേർക്കപ്പെട്ട 16 വിദ്യാർഥികൾ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും അത് തള്ളപ്പെടുകയായിരുന്നു.
ഇതേതുടർന്നാണ് 17 വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. സർവകലാശാലയിലെ വിദ്യാർഥികൾ നേരിടുന്ന ഭരണപരമായ ഒട്ടേറെ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത തങ്ങളെ വ്യാജമായി കേസിൽ പ്രതി ചേർക്കുകയായിരുന്നു എന്നാണ് ഹർജിക്കാരുടെ വാദം.
ബിരുദ സർട്ടിഫിക്കറ്റ് വിതരണം വൈകുന്നതടക്കം 18 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം അരങ്ങേറിയത്. സംഭവത്തിന് ദൃക്സാക്ഷിയായ സബ് ഇൻസ്പെക്ടർ നൽകിയ ആദ്യ മൊഴിക്ക് വിരുദ്ധമായി പിന്നീട് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കേസെടുത്തത് നിയമപരമല്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.
വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്ന ആരോപണം വിദ്യാർത്ഥികൾ ശക്തമായി നിഷേധിച്ചു. തിയറ്റർ ഡിപ്പാർട്ട്മെന്റിലെ ലൈറ്റുകൾ പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് തിയേറ്റർ വിദ്യാർഥികൾ ‘ലൈറ്റുകളുടെ പ്രതീകാത്മക സംസ്കാരം’ ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും തെളിവുകളും വിദ്യാർഥികൾ കോടതിയിൽ ഹാജരാക്കി.
കൂടാതെ, 18ാം പ്രതിയായി ചേർത്തിട്ടുള്ള മുഹമ്മദ് മിദ്ലാജ് സംഭവം നടക്കുമ്പോൾ കണ്ണൂർ മുന്സിപ്പൽ കോർപറേഷൻ മേഖലയിൽ തന്റെ പഠനവുമായി ബന്ധപ്പെട്ട പഠനക്യാംപിൽ പങ്കെടുക്കുകയായിരുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
കേസിൽ അറസ്റ്റിലായ 19 മുതൽ 21 വരെയുള്ള പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി ഇതിനോടകം ജാമ്യം അനുവദിച്ചിട്ടുണ്ട്. അതേസമയം, വിദ്യാർഥികൾ തന്നെ തടഞ്ഞുവെച്ച് അപമാനിക്കുകയും കൈയേറ്റം ചെയ്യുകയും വാഹനം കേടുവരുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി താൽക്കാലിക വൈസ് ചാൻസലർ സിസ തോമസ് നേരിട്ട് പരാതി നൽകുകയായിരുന്നു.
സർവകലാശാലയിലെ സമരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഡിജിപിയെ നേരിട്ട് വിളിപ്പിച്ച ഗവർണർ സംഭവത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിരുന്നു. സർവകലാശാലയിൽ ജൂലൈ 22ന് ആരംഭിച്ച വിദ്യാർഥികളുടെ സമരം ഇപ്പോഴും തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

