കുവൈത്ത് സിറ്റി: കുവൈത്തിനെതിരെ ഇറാൻ നിരന്തരം നടത്തിവരുന്ന ശത്രുതാപരമായ നീക്കങ്ങളെയും ആക്രമണങ്ങളെയും അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണിതെന്നും, ജനങ്ങളുടെയും താമസക്കാരുടെയും സുരക്ഷയെ നേരിട്ട് ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണിതെന്നും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817ന്റെയും ലംഘനമാണ് ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം നടപടികൾ സംഘർഷം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ബോധപൂർവ്വം തകിടംമറിക്കുന്നതാണെന്നും അധികൃതർ കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ അഖണ്ഡതയും സുരക്ഷയും കാത്തുസൂക്ഷിക്കാനും ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഭീഷണികളെ ചെറുക്കാനും കുവൈത്തിന് പൂർണ്ണ അവകാശമുണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ 51 അനുശാസിക്കുന്ന സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രാജ്യം ആവശ്യമായ നടപടികൾ സ്വീകരിക്കുക.
വ്യാഴാഴ്ച പുലർച്ചെ രാജ്യത്തിന് നേരെ ഉണ്ടായ മിസൈൽ-ഡ്രോൺ നീക്കങ്ങളെ കുവൈത്ത് വ്യോമപ്രതിരോധ സേന ഫലപ്രദമായി പ്രതിരോധിച്ചിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായി മേഖലയിൽ ഉയർന്നുകേട്ട
സ്ഫോടന ശബ്ദങ്ങളിൽ ജനം ആശങ്കപ്പെടേണ്ടതില്ലെന്നും നിർദ്ദേശിത സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും സൈന്യം നിർദ്ദേശം നൽകിയിട്ടുണ്ട്. അമേരിക്കൻ താല്പര്യങ്ങൾക്ക് നേരെ നടന്ന നീക്കങ്ങൾക്ക് മറുപടിയായി ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

