പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിത വിജയം.
എൽഡിഎഫ് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി അധികാരം പിടിച്ചെടുത്തത്. കോൺഗ്രസ് പ്രതിനിധിയായി ജനവിധി തേടിയ വി.പി.മനോജ് കുമാർ 6 എതിർ വോട്ടുകളെ പരാജയപ്പെടുത്തി 7 വോട്ടുകൾ നേടിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
ആകെ രണ്ട് സിപിഎം പ്രതിനിധികളുള്ളതിൽ ഷീജ മോൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. എന്നാൽ, മറ്റൊരു സിപിഎം പ്രതിനിധിയും സ്ഥിരസമിതി അധ്യക്ഷനുമായ അനു അന്ത്യാളൻകാവ് (ഏബ്രഹാം തോമസ്) വോട്ടെടുപ്പ് നടപടികളിൽ നിന്നും വിട്ടുനിൽക്കുകയാണുണ്ടായത്.
നിലവിൽ പഞ്ചായത്തിലെ കക്ഷിനില പരിശോധിക്കുമ്പോൾ കോൺഗ്രസിനും ബിജെപിക്കും 6 അംഗങ്ങൾ വീതവും സിപിഎമ്മിന് 2 അംഗങ്ങളുമാണുള്ളത്. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതിനെ തുടർന്ന് ഷീജ മോളെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം വ്യക്തമാക്കി.
എന്നാൽ പാർട്ടിയുടെ ഈ നടപടിയോട് പ്രതികരിക്കാൻ ഷീജമോൾ തയ്യാറായില്ല. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ നിന്ന് സിപിഎം വിട്ടുനിന്നിരുന്നു.
തുടർന്ന് തുല്യ വോട്ടുകൾ ലഭിച്ചതിനെ തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെ ബിജെപിയിലെ വി.വി.പ്രസാദ് പ്രസിഡന്റായും ജെസി മാത്യു വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സിപിഎം പിന്തുണയോടെ പാസാകുകയായിരുന്നു.
ഇതിന്റെ തുടർച്ചയായാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടാം തവണയാണ് വി.പി.മനോജ് കുമാർ നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തുന്നത്.
2010-15 കാലയളവിൽ പ്രസിഡന്റായും 1995-2000 കാലഘട്ടത്തിൽ വൈസ് പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഡിസിസി എക്സിക്യൂട്ടീവ് അംഗമാണ് അദ്ദേഹം.
അതേസമയം, നാരങ്ങാനത്ത് നടന്നത് നെറികെട്ട രാഷ്ട്രീയ കളികളാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ആരോപിച്ചു.
കോൺഗ്രസ് മുന്നണിയെ സിപിഎം പിന്തുണയ്ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടാണ് നാരങ്ങാനത്ത് രൂപപ്പെട്ടിരിക്കുന്നത്. ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

