ലോകത്തിന്റെ ശ്രദ്ധയാകര്ഷിച്ചുകൊണ്ട് ആഗോളതലത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ മേളകളിലൊന്നായ ‘ലീപ് 2026’-െൻറ അഞ്ചാം പതിപ്പിന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഔദ്യോഗിക തുടക്കമായി. നഗരത്തിെൻറ വടക്കുഭാഗത്തുള്ള മൽഹമിലെ റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ സൗദി വാർത്താവിനിമയ-വിവരസാങ്കേതിക വിദ്യ മന്ത്രി അബ്ദുല്ല അൽ സവാഹയാണ് നാല് ദിവസം നീണ്ടുനില്ക്കുന്ന ഈ ബ്രഹത്തായ മേള ഉദ്ഘാടനം ചെയ്തത്.
സന്ദർശകർക്കായി എല്ലാ ദിവസവും ഉച്ചക്ക് 1 മുതൽ രാത്രി 9 വരെയാണ് മേളയിലേക്ക് പ്രവേശനം ഒരുക്കിയിട്ടുള്ളത്. മേള നടക്കുന്ന മൽഹമിലേക്ക് യാത്രാസൗകര്യം സുഗമമാക്കുന്നതിനായി റിയാദ് മെട്രോ സാബ് സ്റ്റേഷനിൽനിന്ന് പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഉച്ചക്ക് 12 മുതൽ രാത്രി 10 വരെയും, തിരികെ മേള സ്ഥലത്തുനിന്ന് ഉച്ചക്ക് 2 മുതൽ രാത്രി 11.30 വരെയുമുള്ള സമയങ്ങളില് 15 മിനുട്ട് ഇടവേളകളിലാണ് ഈ സർവീസുകൾ ലഭ്യമാക്കിയിരിക്കുന്നത്. ‘പുതിയ ലോകങ്ങളിലേക്ക്’ എന്ന മുഖ്യ പ്രമേയത്തെ അടിസ്ഥാമാക്കിയാണ് ഈ ആഗോള സംഗമം പുരോഗമിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക മേഖലകളുടെ വളർച്ചക്കായി 1,500 കോടിയിലധികം യു.എസ്. ഡോളറിെൻറ (ഏകദേശം 1.25 ലക്ഷം കോടി രൂപ) വൻ നിക്ഷേപങ്ങളും പുതിയ പദ്ധതികളും ചടങ്ങിൽ പ്രഖ്യാപിക്കുകയുണ്ടായി.
സാങ്കേതികവിദ്യ കേവലം ഉപയോഗപ്പെടുത്തുന്ന ഒരു രാജ്യമെന്ന നിലയിൽ നിന്നും, അത് നിർമിക്കുകയും ആഗോളതലത്തിൽ തന്നെ നയിക്കുകയും ചെയ്യുന്ന പ്രമുഖ ശക്തിയായി സൗദി അറേബ്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി എടുത്തുപറഞ്ഞു. എഐ സാങ്കേതികവിദ്യകളുടെ കാര്യക്ഷമവും വേഗത്തിലുള്ളതുമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിനായി നിർണായകമായ അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് രാജ്യം മുന്നോട്ടുവെക്കുന്നത്.
ഇതിന്റെ ഭാഗമായി 2030-ഓടെ ആഗോളതലത്തിൽ 300 കോടി ആളുകൾക്ക് 30 മില്ലിസെക്കൻഡിൽ താഴെ വേഗതയിൽ അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കാനായി 20-ലധികം കടലിലൂടെയുള്ള ഇൻറർനെറ്റ് കേബിളുകൾ സൗദി സ്ഥാപിക്കും. ഒപ്പം, വൻകിട
എഐ ഡാറ്റാ സെൻററുകൾക്കായി 80 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സ്ഥലവും 12 ഗിഗാവാട്ടിലധികം വൈദ്യുതി ശേഷിയുമാണ് ഒരുക്കിയിരിക്കുന്നത്. എഎംഡി, എൻവിഡിയ, എക്സ്.എഐ, സിസ്കോ, ക്വാൽകോം, ആമസോൺ വെബ് സർവീസസ്, ഹ്യൂമൈൻ തുടങ്ങിയ ലോകോത്തര നിലവാരമുള്ള സാങ്കേതിക കമ്പനികളാണ് ഈ രംഗത്ത് വലിയ തോതിലുള്ള നിക്ഷേപങ്ങളുമായി മുന്നോട്ടുവന്നിരിക്കുന്നത്.
ഡിജിറ്റൽ സാമ്പത്തിക രംഗത്ത് 70 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ച സൗദി അറേബ്യ, യു.എസ്, യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾക്ക് തൊട്ടുപിന്നാലെ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ടെക് കേന്ദ്രമായി മാറിയിട്ടുണ്ട്. നിലവിൽ 4,11,000 ആളുകളാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നത്.
ഇതിൽ സ്ത്രീകളുടെ പങ്കാളിത്തം 35 മുതൽ 36 ശതമാനം വരെയായി ഉയർന്നത് ജി20 രാജ്യങ്ങളിൽ തന്നെ സൗദിയെ മുൻനിരയിലെത്തിച്ചിട്ടുണ്ട്. കൂടാതെ 100 കോടി ഡോളറിലധികം മൂല്യമുള്ള ഒമ്പത് യൂണികോൺ സ്റ്റാർട്ടപ്പുകളും ഇന്ന് രാജ്യത്തുടനീളമുണ്ട്.
സൗദി വാർത്താവിനിമയ-വിവര സാങ്കേതിക വിദ്യാ മന്ത്രാലയം, സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂറിറ്റി സബ്സിഡി ആൻഡ് ഡ്രോൺസ്, ഇൻഫോർമ, ഇവൻറ്സ് ഇൻവെസ്റ്റ്മെൻറ് ഫണ്ട് എന്നിവയുടെ പങ്കാളിത്തത്തോടെ ‘തഹാളുഫ്’ ആണ് ഈ മേള വിജയകരമായി സംഘടിപ്പിക്കുന്നത്. 14.3 ട്രില്യൺ ഡോളറിെൻറ ആസ്തി കൈകാര്യം ചെയ്യുന്ന ആയിരത്തിലധികം വൻകിട
നിക്ഷേപകരും 900-ലധികം പ്രമുഖ കമ്പനികളുമാണ് ഈ അന്താരാഷ്ട്ര ഇവന്റിൽ സജീവമായി പങ്കെടുക്കുന്നത്. ഗൂഗിൾ ക്ലൗഡ്, ഒറാക്കിൾ, ഡെൽ, അഡോബി, എറിക്സൺ, സെയിൽസ്ഫോഴ്സ്, ലെനോവോ തുടങ്ങിയ ആഗോള ബ്രാൻഡുകളും ഈ മേളയുടെ പ്രയോജകരായി ഒപ്പമുണ്ട്.
നിർമിതബുദ്ധിക്കായി മാത്രം മാറ്റിവെച്ച ‘ഡീപ് ഫെസ്റ്റ്’, ഫിൻടെക്, ആരോഗ്യം, സ്മാർട്ട് സിറ്റികൾ, സ്പോർട്സ്, ഡ്രോണുകൾ തുടങ്ങി വിവിധ വിഷയങ്ങൾക്കായി 16 പ്ലാറ്റ്ഫോമുകളും 20-ലധികം വിശേഷാൽ വിഭാഗങ്ങളും എക്സ്പോയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. വളർന്നുവരുന്ന ചെറുകിട
സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ സാമ്പത്തിക വളർച്ചയും സാങ്കേതിക സഹകരണവും ഉറപ്പാക്കാൻ മുൻഗണന നൽകുന്ന ഈ മേളയുടെ കഴിഞ്ഞ വർഷത്തെ പതിപ്പിൽ 1,490 കോടി ഡോളറിെൻറ നിക്ഷേപ പ്രഖ്യാപനങ്ങളായിരുന്നു നടന്നിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

