കണ്ണൂർ ജില്ലയിലെ പാണ്ട്യാലമുക്കിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ‘പ്രവിക്’ എന്ന വീടിനുമുന്നിൽ മിനി പൊലീസ് സ്റ്റേഷന്റെ മാതൃകയിൽ പ്രവർത്തിച്ചിരുന്ന വാഹനം അർധരാത്രിയോടെ എടുത്തുമാറ്റി. വർഷങ്ങളായി ഇവിടെ നിർത്തിയിട്ടിരുന്ന കെഎൽ 01 ബിആർ 9569 നമ്പർ പൊലീസ് ജീപ്പാണ് മാറ്റിയത്.
വാഹനം പ്രവർത്തനരക്ഷമമല്ലാതായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി എആർ ക്യാംപിൽനിന്നുള്ള ഉദ്യോഗസ്ഥരെത്തി കെട്ടിവലിച്ചാണ് കൊണ്ടുപോയത്. ജീപ്പ് മാറ്റിയെങ്കിലും ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ കാവൽ പിൻവലിച്ചിട്ടില്ല.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വീട് സന്ദർശിക്കാനും ദൃശ്യങ്ങൾ പകർത്താനും ആളുകൾ എത്തിയതിനെത്തുടർന്നാണ് ഇവിടെ സുരക്ഷാ വാഹനം ഏർപ്പെടുത്തിയത്. ഒരു എസ്ഐയും രണ്ട് പൊലീസുകാരും അടങ്ങുന്ന സംഘമാണ് ഇവിടെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടി നിർവഹിക്കുന്നത്.
പകരം സംവിധാനങ്ങൾ ഒന്നും ഏർപ്പെടുത്താതെ ജീപ്പ് മാത്രം ഒഴിവാക്കിയത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്. മഴ പെയ്യുമ്പോൾ അഭയം പ്രാപിക്കാൻ ജീപ്പ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇനി അതിനു കഴിയില്ലെന്നും രാത്രികാല ജോലികൾ ഏറെ ബുദ്ധിമുട്ടിലാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
റോഡരികിൽ മതിലിനോട് ചേർന്നു കിടന്നിരുന്ന ഈ വാഹനമായിരുന്നു ഇവരുടെ ഏക ആശ്രയം. കണ്ണൂർ എആർ ക്യാംപിലെ രണ്ട് എസ്ഐമാരും ആറ് സിവിൽ പൊലീസ് ഓഫിസർമാരുമാണ് ഇവിടെ റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്.
പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും കൃത്യമായ സൗകര്യങ്ങളില്ലാതെ വർഷങ്ങളായി കഷ്ടപ്പെടുകയാണ് ഈ ഉദ്യോഗസ്ഥർ. ഔട്ട് ഹൗസ് ഉണ്ടെങ്കിലും അവിടത്തെ സൗകര്യങ്ങൾ ഉപയോഗിക്കാൻ പൊലീസുകാരെ അനുവദിച്ചിരുന്നില്ല.
തുടക്കത്തിൽ ശുചിമുറി ആവശ്യങ്ങൾക്കായി സമീപത്തെ വീടുകളെയാണ് ഇവർ ആശ്രയിച്ചിരുന്നത്. പിന്നീട് പ്രദേശത്ത് പുതിയ പൊലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതോടെയാണ് ആ പ്രതിസന്ധിക്ക് പരിഹാരമായത്.
പ്രതിപക്ഷ നേതാവിന്റെ വസതിയിൽനിന്ന് 800 മീറ്റർ അകലെയാണ് ഈ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ആദ്യം ഇവിടെയെത്തിച്ച പൊലീസ് ജീപ്പിൽ പാമ്പ് കയറിയതിനെത്തുടർന്നാണ് മറ്റൊരു വാഹനം എത്തിച്ചത്.
സ്റ്റേറ്റ് സെക്യൂരിറ്റി കമ്മിഷന്റെ പുനഃപരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ വാഹനം മാറ്റിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ആവശ്യമായ വിശ്രമ സൗകര്യങ്ങൾ പിണറായി സ്റ്റേഷനിൽ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

