കൊളത്തൂർ വില്ലേജ് ഓഫിസിൽ സ്ഥിരം വില്ലേജ് ഓഫിസർ ഇല്ലാത്തത് പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്നു. മൂന്ന് മാസം മുൻപ് മുൻ ഉദ്യോഗസ്ഥൻ അവധിയിൽ പ്രവേശിച്ചതോടെയാണ് ഓഫിസിന്റെ പ്രവർത്തനം പൂർണ്ണമായും പ്രതിസന്ധിയിലായത്.
നിലവിൽ കുറ്റിക്കോൽ വില്ലേജ് ഓഫിസർക്കാണ് അധിക ചുമതല നൽകിയിട്ടുള്ളതെങ്കിലും, പരിമിതമായ ദിവസങ്ങളിൽ മാത്രമാണ് അദ്ദേഹം ഓഫിസിൽ സാന്നിധ്യം അറിയിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരുടെ സേവനം ലഭ്യമല്ലാത്ത ഇവിടെ, സ്പെഷൽ വില്ലേജ് ഓഫിസറുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.
രണ്ട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ വേണ്ട സ്ഥാനത്ത് നിലവിൽ ഒരാൾ മാത്രമാണുള്ളത്.
ആകെയുള്ളത് ഒരു വില്ലേജ് അസിസ്റ്റന്റും ഒരു ഫീൽഡ് അസിസ്റ്റന്റും മാത്രമാണ്. പുതിയ ആധാരങ്ങളുമായി ബന്ധപ്പെട്ട
പോക്കുവരവിനായി നിരവധി അപേക്ഷകളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. എന്നാൽ ഓഫിസിലെ അമിത ജോലിഭാരവും തിരക്കും കാരണം കൃത്യസമയത്ത് ഫീൽഡ് വിസിറ്റുകൾ നടത്താൻ ജീവനക്കാർക്ക് സാധിക്കുന്നില്ല.
ഇതുമൂലം നൂറുകണക്കിന് അപേക്ഷകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. വില്ലേജ് ഓഫിസറുടെ കൈവശമുള്ള ഒടിപി (OTP) ലഭ്യമായാൽ മാത്രമേ പുതിയ ആധാരങ്ങളുടെ നികുതി സ്വീകരിക്കാൻ സാധിക്കൂ.
ഓഫിസറുടെ സ്ഥിരമായ സാന്നിധ്യമില്ലാത്തത് ഈ പ്രക്രിയയെയും പൂർണ്ണമായും സ്തംഭിപ്പിച്ചിട്ടുണ്ട്. അളവിൽ വ്യത്യാസമുള്ള സർവേ നമ്പറുകളിലെ ഭൂമിക്ക് നിലവിൽ താൽക്കാലിക നികുതിയാണ് ഈടാക്കുന്നത്.
ഇത് ക്രമപ്പെടുത്തുന്നതിന് സ്ഥലപരിശോധന അത്യാവശ്യമാണെങ്കിലും ഉദ്യോഗസ്ഥരുടെ കുറവ് കാരണം അതും നടക്കുന്നില്ല. ഈ സാഹചര്യത്തിൽ കൊളത്തൂർ വില്ലേജ് ഓഫിസിൽ അടിയന്തരമായി സ്ഥിരം വില്ലേജ് ഓഫിസറെയും ആവശ്യത്തിന് ജീവനക്കാരെയും നിയമിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

