ദുലീപ് ട്രോഫി രണ്ടാം സെമിഫൈനലിൽ നോർത്ത് സോണിനെതിരെ സൗത്ത് സോണിന് തകർപ്പൻ വിജയം. ബെംഗളൂരു സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് സൗത്ത് സോൺ വിജയം സ്വന്തമാക്കിയത്.
ഇതോടെ ടീം ഫൈനലിലേക്ക് പ്രവേശിച്ചു. ആദ്യ ഇന്നിംഗ്സിലെ അപരാജിത സെഞ്ചുറിയുടെ തിളക്കത്തിന് പിന്നാലെ, രണ്ടാം ഇന്നിംഗ്സിൽ അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ തിലക് വർമ്മയുടെ ബാറ്റിംഗ് മികവാണ് സൗത്ത് സോണിന് തുണയായത്.
മത്സരത്തിന്റെ അവസാന ദിനം രണ്ടാം സെഷനിലാണ് സൗത്ത് സോൺ ലക്ഷ്യം കണ്ടത്. വിജയറൺ കുറിച്ചതിനൊപ്പം ക്യാപ്റ്റൻ തിലക് വർമ്മ തന്റെ അർധസെഞ്ചുറിയും പൂർത്തിയാക്കുകയായിരുന്നു.
മത്സരത്തിന്റെ അവസാന ദിനം എട്ടാം വിക്കറ്റിൽ നിഷാന്ത് സിന്ധുവും അൻഷുൽ കംബോജ്സും ചേർന്ന് കൂട്ടിച്ചേർത്ത 60 റൺസിന്റെ കൂട്ടുകെട്ടാണ് നോർത്ത് സോണിന് രണ്ടാം ഇന്നിങ്സിൽ ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
എന്നാൽ മലയാളി പേസർ എം.ഡി നിധീഷ് ഈ നിർണായക കൂട്ടുകെട്ട് തകർത്തെറിഞ്ഞു. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച എം.ഡി നിധീഷ് നോർത്ത് സോണിനെ സമ്മർദ്ദത്തിലാക്കി.
ഇതോടെ സൗത്ത് സോണിന് മുന്നിൽ 181 റൺസിന്റെ വിജയലക്ഷ്യമാണ് നോർത്ത് സോൺ വെച്ചുനീട്ടിയത്. നിധീഷിന് പുറമെ കാവൂരി സായ് തേജ, ശ്രേയസ് ഗോപാൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ സൗത്ത് സോണിനായി ഓപ്പണർമാരായ റിക്കി ഭുയിയും നാരായൺ ജഗദീശനും ചേർന്ന് മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 64 റൺസ് കൂട്ടിച്ചേർത്തു.
43 റൺസെടുത്ത നാരായൺ ജഗദീശൻ പുറത്തായ ശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ തിലക് വർമ്മ, സ്മരൺ രവിചന്ദ്രനെ കൂട്ടുപിടിച്ച് നിർണായകമായ 80 റൺസിന്റെ അപരാജിത കൂട്ടുകെട്ടിലൂടെ ടീമിനെ അനായാസം വിജയതീരത്തെത്തിച്ചു. ഞായറാഴ്ച മുതൽ ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് സൗത്ത് സോണും ഈസ്റ്റ് സോണും തമ്മിലുള്ള ഫൈനൽ മത്സരം അരങ്ങേറുന്നത്.
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലാശപ്പോരാട്ടം സമനിലയിൽ കലാശിക്കുകയാണെങ്കിൽ, ഒന്നാം ഇന്നിങ്സ് ലീഡിന്റെ അടിസ്ഥാനത്തിലാകും വിജയികളെ പ്രഖ്യാപിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

