തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാണുന്ന വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് എൻവയൺമെന്റൽ അപ്രൈസൽ കമ്മിറ്റി (ഇഎസി) ഔദ്യോഗിക ശുപാർശ സമർപ്പിച്ചു. എന്നാൽ നിർദ്ദിഷ്ട
പാതയിലെ 8 തുരങ്കങ്ങളുടെ നിർമാണരീതിയുമായി ബന്ധപ്പെട്ട് സമിതി കൃത്യമായ ആശങ്കകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ വരുന്ന 17 തുരങ്കങ്ങളിൽ 8 എണ്ണവും ‘കട്ട് ആൻഡ് കവർ’ രീതിയിൽ നിർമിക്കുന്നതിലാണ് സമിതി ആശങ്ക പ്രകടിപ്പിച്ചത്.
മറ്റ് 9 എണ്ണം ആധുനിക സാങ്കേതികവിദ്യയായ ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ് (എൻഎടിഎം) ഉപയോഗിച്ചായിരിക്കും നിർമിക്കുക. കട്ട് ആൻഡ് കവർ രീതി നടപ്പിലാക്കുന്ന തുരങ്ക മുഖഭാഗങ്ങളിൽ കനത്ത മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനുമുള്ള സാധ്യത സമിതി ചൂണ്ടിക്കാണിച്ചു.
ഈ സാഹചര്യത്തിൽ ഇവയുടെ ഡിസൈൻ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സാധ്യമാകുന്നിടത്തെല്ലാം തുരങ്കങ്ങളുടെ നീളം കുറയ്ക്കണമെന്നും നിർദേശമുണ്ട്. കൂടാതെ, മലമ്പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ വരുന്ന മഴക്കാലത്തിന് മുൻപായി തന്നെ പൂർത്തീകരിക്കണമെന്നും സമിതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പദ്ധതിയുടെ പ്രത്യേകതകളും പ്രധാന വിവരങ്ങളും: റിങ് റോഡ് ആരംഭിക്കുന്ന നാവായിക്കുളത്തിനു സമീപമുള്ള കല്ലമ്പലത്താണ് ആദ്യത്തെ തുരങ്കം വരുന്നത്. പദ്ധതിയുടെ അവസാന തുരങ്കം നിർമിക്കുന്നത് വിഴിഞ്ഞത്തിനു സമീപമുള്ള ചൊവ്വല്ലൂരിലാണ്.
ആകെ 17 തുരങ്കങ്ങളിലായി 4.625 കിലോമീറ്റർ ദൈർഘ്യമാണ് ഉണ്ടാകുക. ഈ തുരങ്കങ്ങൾക്ക് 120 മീറ്റർ മുതൽ പരമാവധി 791 മീറ്റർ വരെയാണ് നീളം കണക്കാക്കിയിരിക്കുന്നത്.
ഔട്ടർ റിങ് റോഡ്, എൻഎച്ച് 66, വിഴിഞ്ഞം തുറമുഖത്തേക്കുള്ള കണക്ടിങ് റോഡ് എന്നിവ സംഗമിക്കുന്ന വിഴിഞ്ഞം ജംക്ഷനിൽ നാല് ഇതളുള്ള പൂവിന്റെ മാതൃകയിലുള്ള ക്ലോവർലീഫ് ജംക്ഷനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതി പ്രദേശത്ത് പാരിസ്ഥിതിക ആഘാതം പരമാവധി ലഘൂകരിക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞം ജംക്ഷനിൽ മിയാവാക്കി മാതൃകയിൽ വനം വെച്ചുപിടിപ്പിക്കുമെന്നും ദേശീയപാത അതോറിറ്റി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കുറഞ്ഞ ഭൂമിയിൽ വിവിധയിനം മരങ്ങൾ ഇടതൂർന്നു വളർത്തിയാണ് മിയാവാക്കി വനങ്ങൾ സൃഷ്ടിക്കുന്നത്. പാറകൾ അനാവശ്യമായി വെട്ടിപ്പൊളിക്കാതെ, അവയെത്തന്നെ തുരങ്കത്തിന്റെ സുരക്ഷിത ഘടനയുടെ ഭാഗമാക്കി മാറ്റുന്ന ആധുനിക നിർമാണ രീതിയാണ് ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ് (NATM).
ഔട്ടർ റിങ് റോഡ് പ്രധാന കണക്കുകൾ:
* ആകെ നീളം: 62.70 കിലോമീറ്റർ
* ആവശ്യമായി വരുന്ന ഭൂമി: 314.05 ഹെക്ടർ (ഈ അളവിൽ പിന്നീട് വർധനവുണ്ടായേക്കാം)
* ഒഴിവാക്കേണ്ടി വരുന്ന മരങ്ങൾ: ഏകദേശം 21,000 എണ്ണം. തുരങ്കങ്ങൾക്കുള്ളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അതീവ ആധുനിക സംവിധാനങ്ങളാണ് ഒരുക്കുന്നത്.
കൃത്രിമ വെളിച്ചം, യാന്ത്രിക രീതിയിൽ വായുസഞ്ചാരം ഉറപ്പാക്കൽ, അത്യാധുനിക അഗ്നിസുരക്ഷാ സംവിധാനങ്ങൾ, തീപിടിത്തം പെട്ടെന്ന് തിരിച്ചറിയാനുള്ള സെൻസറുകൾ, ഗതാഗത നിരീക്ഷണം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. തുരങ്കങ്ങളുടെ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനായി സ്കാഡ (SCADA) സംവിധാനവും ഏർപ്പെടുത്തുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

