വ്യവസായ, സാങ്കേതിക മേഖലകളിലെ ആധുനിക മാറ്റങ്ങൾക്ക് അനുസൃതമായി പാഠ്യപദ്ധതിയിൽ കാലാനുസൃതമായ പരിഷ്കരണങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) വ്യാവസായിക ഫ്ലെക്സിബിൾ കരിക്കുലം നടപ്പാക്കാൻ ധാരണയായി. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഫ്ലെക്സിബിൾ കരിക്കുലം സംവിധാനം അവതരിപ്പിക്കുന്നതെന്ന് കുസാറ്റ് അധികൃതർ വ്യക്തമാക്കി.
സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഡോ.
എം. ജുനൈദ് ബുഷിരിയുടെ അധ്യക്ഷതയിൽ ചേർന്ന ഡീന്മാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനമുണ്ടായത്.
പുതിയ മാതൃകയനുസരിച്ച് സിലബസിന്റെ 80 ശതമാനം ഭാഗം പഠന ബോർഡ് നിർദേശിക്കുന്ന കോർ സിലബസും, ശേഷിക്കുന്ന 20 ശതമാനം ഭാഗം ഫ്ലെക്സിബിൾ സിലബസുമായിരിക്കും. കോർ സിലബസ് വഴി അക്കാദമിക് നിലവാരവും നിയമപരമായ ആവശ്യകതകളും പൂർണ്ണമായും ഉറപ്പാക്കും.
അതേസമയം, ഫ്ലെക്സിബിൾ സിലബസിൽ പുതിയ സാങ്കേതികവിദ്യകൾ, ഗവേഷണ കണ്ടെത്തലുകൾ, രാജ്യാന്തര വിഷയങ്ങൾ, വ്യാവസായിക രീതികൾ, കേസ് സ്റ്റഡികൾ, സമകാലിക വികസനങ്ങൾ എന്നിവ കാലാനുസൃതമായി പരിഷ്കരിച്ച് ഉൾപ്പെടുത്തും. സെമികണ്ടക്ടർ ടെക്നോളജി, ഫോട്ടോവോൾട്ടായിക്സ്, ബയോടെക്നോളജി തുടങ്ങിയ അതിവേഗം വളരുന്ന മേഖലകളിലെ പുതിയ അറിവുകൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ ഇതിലൂടെ സാധിക്കും.
എൻജിനീയറിങ്, പരിസ്ഥിതി ശാസ്ത്രം, മാനേജ്മെന്റ്, നിയമം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിവിധ മേഖലകളിലും സമാനമായ രീതിയിലുള്ള പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ സാധിക്കും. കൂടാതെ, വിവിധ വകുപ്പുകളിലെ വിദ്യാർഥികളുടെയും ഗവേഷകരുടെയും പ്രധാനപ്പെട്ട
ഗവേഷണ കണ്ടെത്തലുകൾ വകുപ്പ് റിസർച്ച് കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും നിർദ്ദേശമുണ്ട്. ഫ്ലെക്സിബിൾ സിലബസിൽ ഉൾപ്പെടുത്തേണ്ട
വിഷയങ്ങൾ കണ്ടെത്താനും പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള അംഗീകാര നടപടികൾ സുതാര്യമാക്കാനും കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വകുപ്പ് അധ്യാപകരെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കും.
കൂടാതെ, അധ്യാപകർ, വിദ്യാർഥികൾ, ഗവേഷണ വിദ്യാർഥികൾ, പോസ്റ്റ് ഡോക്ടറൽ ഫെലോകൾ, വ്യവസായ വിദഗ്ധർ, പൂർവ വിദ്യാർഥികൾ എന്നിവർക്കെല്ലാം പുതിയ വിഷയ മേഖലകൾ ഉൾപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

