ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ മോദിയുടെ ചിത്രം പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ ഓഫീസ് വെട്ടിമാറ്റിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ രംഗത്ത്. പാകിസ്ഥാൻ്റെ പ്രവൃത്തി തികച്ചും നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മോദി വിചാരിച്ചാൽ പാകിസ്ഥാനെ ലോകഭൂപടത്തിൽനിന്ന് ഇല്ലാതാക്കാൻ കഴിയുമെന്ന് തുറന്നടിച്ചു.
ഒരു ചിത്രം നീക്കം ചെയ്തതുകൊണ്ട് 140 കോടി ഇന്ത്യക്കാരുടെ ഹൃദയത്തിൽനിന്ന് പ്രധാനമന്ത്രിയെ മായ്ച്ചുകളയാൻ കഴിയില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഏക്നാഥ് ഷിൻഡെ വ്യക്തമാക്കിയത് ഇങ്ങനെ: “പാകിസ്ഥാൻ ചെയ്തത് തികച്ചും നിർഭാഗ്യകരമാണ്.
പാകിസ്ഥാൻ എപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങൾക്കാണ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ എനിക്ക് പറയാനുള്ളത്, അവർ മോദിജിയുടെ ചിത്രം നീക്കം ചെയ്തിട്ടുണ്ടാകാം, പക്ഷേ മോദിജി വിചാരിച്ചാൽ ലോകഭൂപടത്തിൽ നിന്ന് തന്നെ പാകിസ്ഥാനെ ഇല്ലാതാക്കാൻ കഴിയും”.
പഹൽഗാമിൽ ഭീകരർ നടത്തിയ ഗുരുതരമായ കുറ്റകൃത്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യം ചുട്ട മറുപടി നൽകിയതായും ഏക്നാഥ് ഷിൻഡെ ഓർമ്മിപ്പിച്ചു.
ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം 11 വ്യോമസേനാ ക്യാമ്പുകൾ തകർക്കുകയും പാകിസ്ഥാനെ മുട്ടുകുത്തിക്കുകയും ചെയ്തു. ഇന്ത്യൻ സായുധ സേനയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും രാജ്യം മുഴുവൻ അഭിമാനിക്കുന്നു.
അതുകൊണ്ടുതന്നെ പാകിസ്ഥാൻ ഒരിക്കലും ഇന്ത്യയോട് ഇങ്ങനെയുള്ള കളികൾക്ക് മുതിരരുത്. ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാക്കളിൽ ഒരാളായി നരേന്ദ്ര മോദി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ മോദി അടക്കമുള്ള ലോകനേതാക്കളുടെ ചിത്രം വെട്ടിമാറ്റിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ ഓഫീസിന്റെ നടപടിയാണ് വൻ വിവാദങ്ങൾക്ക് കാരണമായത്. മോദിയടക്കമുള്ള ലോകനേതാക്കളുടെ ഭാഗം വെട്ടിമാറ്റി, ഷഹബാസ് ഷെരീഫിനെ നടുവിൽ നിർത്തിയുള്ള ചിത്രമാണ് അന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നത്.
സംഭവം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചതോടെയാണ് പിന്നീട് മോദിയടക്കമുള്ള മുഴുവൻ നേതാക്കളുടെയും യഥാർത്ഥ ചിത്രം അവർക്ക് പങ്കുവെക്കേണ്ടി വന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

