തളിപ്പറമ്പിലും പയ്യന്നൂരിലും സംഘടിപ്പിച്ച വിശദീകരണ യോഗങ്ങളിൽ അണികളെ കുറ്റപ്പെടുത്തി സംസാരിച്ചതിലും, പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച ചർച്ചകളുടെ വാതിലടയ്ക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയതിലും പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തി പുകയുന്നു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ, ഈ പദവി ഒരു കാരണവശാലും സിപിഐക്കു നൽകില്ലെന്ന് പിണറായി പ്രഖ്യാപിച്ചിരുന്നു.
പിന്നീട് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ഈ പ്രസ്താവന തിരുത്താൻ നിർബന്ധിതനാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തളിപ്പറമ്പിലെയും പയ്യന്നൂരിലെയും വിശദീകരണ യോഗങ്ങളിൽ പങ്കെടുത്ത് പിണറായി വിജയൻ അണികൾ ചെയ്ത തെറ്റ് തിരുത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്.
പയ്യന്നൂരിൽ സംസാരിക്കവേ, സംഭവിച്ച തെറ്റുതിരുത്തി പാർട്ടിയുടെ സംരക്ഷകരായി മാറാൻ എല്ലാവരും തയാറാകണമെന്നായിരുന്നു പിണറായിയുടെ ആഹ്വാനം. ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉൾക്കൊള്ളാൻ നിങ്ങൾ തയാറാകണമെന്ന് അദ്ദേഹം തളിപ്പറമ്പിലും ആവർത്തിച്ചു.
എന്നാൽ ഈ രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നേതൃത്വത്തിന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന ശക്തമായ വിമർശനം നിലനിൽക്കുന്നതിനിടയിലാണ്, യാതൊരു മുന്നൊരുക്കവുമില്ലാതെ അണികളെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ട് പിണറായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഏതു തരത്തിലുള്ള തിരുത്തൽ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ആലോചിക്കുന്നതിനായി കോഴിക്കോട് വിപുലീകൃത സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിണറായി കണ്ണൂരിലെ രണ്ടു മണ്ഡലങ്ങളിൽ മാത്രം നേരിട്ടെത്തി വിശദീകരണ യോഗങ്ങൾ നടത്തിയത്.
സംസ്ഥാന സമിതി ചേർന്ന് കൂട്ടായ പ്രതിരോധ തന്ത്രങ്ങൾ രൂപീകരിക്കുന്നതിന് മുൻപ് തന്നെ പിണറായി സ്വമേധയാ രംഗത്തിറങ്ങുകയായിരുന്നു. പ്രത്യേകിച്ചും കണ്ണൂരിൽ പാർട്ടി സംഘടിപ്പിച്ച ഈ യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളാരും പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഈ രണ്ട് മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയത്തിൽ നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ടിനെ പൂർണ്ണമായി തള്ളിക്കളയുന്നതായിരുന്നു പൊളിറ്റ് ബ്യൂറോ അംഗത്തിന്റെ പ്രസംഗം. സ്ഥാനാർഥി നിർണയത്തിലെ വീഴ്ച കണ്ണൂർ ജില്ലാ കമ്മിറ്റി ഔദ്യോഗികമായി സമ്മതിച്ചിട്ടുള്ളതാണ്.
മാത്രമല്ല, ജില്ലാ കമ്മിറ്റി നിർദ്ദേശിച്ച പേരുകൾക്ക് അംഗീകാരം നൽകിയതിൽ സംസ്ഥാന കമ്മിറ്റിക്കും സംസ്ഥാന സെക്രട്ടേറിയറ്റിനും വീഴ്ച പറ്റിയെന്ന് സംസ്ഥാന കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിലും വ്യക്തമാക്കിയതുമാണ്. വിമതർ വിജയിച്ച പാർട്ടി കോട്ടകളിൽ നേതാക്കളും പ്രവർത്തകരും തമ്മിലുള്ള ബന്ധം പൂർണ്ണമായി നഷ്ടപ്പെട്ടുവെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ.
ഇതിനെയെല്ലാം തിരുമറിഞ്ഞു കൊണ്ട്, വിമതർക്ക് വോട്ടുചെയ്തവരാണ് യഥാർത്ഥ കുറ്റക്കാർ എന്ന് ഒരു പിബി അംഗം തന്നെ വരുത്തിത്തീർക്കാൻ ശ്രമിച്ചത് ശരിയായില്ലെന്നാണ് മുതിർന്ന നേതാക്കളുടെ പൊതുവായ അഭിപ്രായം. സെപ്റ്റംബർ പകുതിയോടെ കോഴിക്കോട് നടക്കാനിരിക്കുന്ന വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ കണ്ണൂർ ജില്ലയിലെ നേതൃമാറ്റം ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ചർച്ചയ്ക്ക് വരുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ രണ്ടു മണ്ഡലങ്ങളിൽ മാത്രം പെട്ടെന്ന് വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചത്.
പിബി അംഗങ്ങൾ നേരിട്ട് നിരീക്ഷകരായി എത്തുന്ന യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെയും രൂക്ഷമായ വിമർശനങ്ങൾ ഉയർന്നേക്കാമെന്നാണ് സൂചനകൾ ഉള്ളത്. ടി.കെ.ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും എതിരെ പിണറായി വിജയനും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും നടത്തിയ കടന്നാക്രമണങ്ങൾ, അവർക്ക് കൂടുതൽ രക്തസാക്ഷി പരിവേഷം നൽകാൻ മാത്രമേ ഉപകരിക്കൂ എന്നാണ് മുതിർന്ന നേതാക്കൾ അടക്കമുള്ളവരുടെ വിലയിരുത്തൽ.
വിശദീകരണ യോഗത്തിന് ശേഷം ടി.കെ.ഗോവിന്ദനും വി.കുഞ്ഞികൃഷ്ണനും നടത്തിയ പ്രത്യാരോപണങ്ങൾ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കിയെന്നും നേതാക്കൾ കരുതുന്നു. ഈ രണ്ട് മണ്ഡലങ്ങൾക്ക് പുറമെ മറ്റ് നിരവധി ശക്തികേന്ദ്രങ്ങളിലും പാർട്ടിയ്ക്ക് കനത്ത തിരിച്ചടികളാണ് നേരിടേണ്ടി വന്നിട്ടുള്ളത്.
ഇവിടങ്ങളിലെല്ലാം എന്തുകൊണ്ടാണ് പരാജയം ആവർത്തിച്ചതെന്നും സിപിഎമ്മിന്റെ വോട്ട് വിഹിതം കുറയാൻ ഇടയായതെന്നും ഉള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്തുകയെന്ന വലിയ വെല്ലുവിളിയാണ് നിലവിൽ പാർട്ടിയുടെ മുന്നിലുള്ളത്. സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന സമിതിയിൽ ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പിബി അംഗങ്ങൾ പങ്കെടുക്കും.
പിണറായി വിജയനും എം.വി.ഗോവിന്ദനും പുറമെ അശോക് ധാവ്ള, കെ.ബാലകൃഷ്ണൻ, യു.വാസുകി, വിജു കൃഷ്ണൻ, ബി.വി.രാഘവുലു, എ.വിജയരാഘവൻ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്ന മറ്റ് പ്രമുഖ നേതാക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

