അരനൂറ്റാണ്ടിലേറെയായി മുടങ്ങാതെ സർവീസ് നടത്തി ചരിത്രം കുറിച്ച കാഞ്ഞിരമറ്റം കെഎസ്ആർടിസി ഓർഡിനറി ബസിന് നാട്ടുകാരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. 1976 സെപ്റ്റംബർ 1നാണ് പാലാ-കാഞ്ഞിരമറ്റം റൂട്ടിൽ ഈ ബസ് സർവീസ് ഔദ്യോഗികമായി ആരംഭിക്കുന്നത്.
ചരിത്രത്തിൽ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ മാത്രമാണ് ഈ സർവീസിന് തടസ്സമുണ്ടായത്. നാട്ടുകാരുടെ ശക്തമായ ആവശ്യത്തെത്തുടർന്ന് അന്നത്തെ എംഎൽഎമാരായ കെ.എം.
മാണി, ജെ.എ. ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി എം.എൻ.
ഗോവിന്ദൻ നായരെ നേരിൽ കണ്ടു നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ സർവീസിന് വഴിതുറന്നത്. മന്ത്രി ഉത്തരവ് നൽകിയെങ്കിലും ടാറിങ് നടത്താത്ത റോഡിലൂടെ ബസ് സർവീസ് വിജയകരമാകില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ട്.
തുടർന്ന് ജനപ്രതിനിധികളുടെ നിരന്തര പരിശ്രമത്തിനൊടുവിലാണ് യാത്രാനുമതി നേടിയെടുത്തത്. എ.
വേലായുധൻ നായർ (കൊഴുവനാൽ പഞ്ചായത്ത് മുൻ പ്രസിഡന്റ്), ഫാ. മാത്യു മാമ്പുഴക്കുന്നേൽ, പി.സി.
ഏബ്രഹാം പരിന്തിരിക്കൽ, എം.വി. ആന്റണി മറ്റത്തിൽ, തോമസ് എറകോന്നിൽ, കെ.ടി.
ജോസഫ് കളറുപാറ തുടങ്ങിയവരുടെ നേതൃത്വമാണ് ഈ ജനകീയ ആവശ്യം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. തുടക്കത്തിൽ പാലായിൽ നിന്ന് തോടനാൽ വരെയും പിന്നീട് കാഞ്ഞിരമറ്റത്തേക്കും നീട്ടിയ സർവീസ്, നിലവിൽ ചെങ്ങളം വരെയാണ് സർവീസ് നടത്തുന്നത്.
രാവിലെ 6 മണിക്ക് ആരംഭിച്ച് രാത്രി 9 മണി വരെ തോടനാൽ, മേവട, കാഞ്ഞിരമറ്റം വഴി ചെങ്ങളം വരെ ദിവസേന 8 ട്രിപ്പുകളാണ് ഈ ബസ് ഓടിക്കുന്നത്. പാലാ ഡിപ്പോയിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിമുന്നിൽ നിൽക്കുന്ന ഓർഡിനറി സർവീസുകളിൽ ഒന്നുകൂടിയാണിത്.
ബസിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കലിന്റെ നേതൃത്വത്തിൽ പ്രത്യേക ജനകീയ സമിതി രൂപീകരിച്ചിരുന്നു. ജൂബിലിയുടെ ഭാഗമായി പുഷ്പങ്ങളും മാലകളും ചാർത്തി മനോഹരമായി അലങ്കരിച്ച ബസ് തോടനാൽ കപ്പിലിക്കുന്ന് ജംക്ഷനിൽ എത്തിയപ്പോൾ നൂറുകണക്കിന് ആളുകളാണ് ആവേശത്തോടെ എതിരേറ്റത്.
ആഘോഷത്തിന്റെ ഭാഗമായി ജീവനക്കാർ യാത്രക്കാർക്കും നാട്ടുകാർക്കും മധുരപഹാരങ്ങൾ കൈമാറി. തുടർന്ന് നാട്ടുകാർ ബസ് ജീവനക്കാരെ പ്രത്യേക ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

