തിരുവനന്തപുരം ∙ ഇന്ത്യൻ റെയിൽവേയുടെ യാത്രാ സംവിധാനങ്ങളിൽ നിർണായക മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. വന്ദേഭാരത് മാതൃകയിലുള്ള ട്രെയിൻ സെറ്റുകളിലേക്കും മുന്നിലും പിന്നിലും എൻജിനുകളുള്ള അമൃത്ഭാരത് സർവീസുകളിലേക്കും ചുവടുമാറ്റം നടത്താൻ റെയിൽവേ ഒരുങ്ങുകയാണ്.
വിവിധ സോണുകളിലെ പ്രിൻസിപ്പൽ ചീഫ് മെക്കാനിക്കൽ എൻജിനീയർമാർ പങ്കെടുത്ത റെയിൽവേ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന നിർദേശങ്ങൾ ചർച്ചയായത്. റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി സ്റ്റെയിൻലെസ് സ്റ്റീൽ റെയിൽ കോച്ചുകളുടെ (എൽഎച്ച്ബി) ഉൽപാദനം ഘട്ടംഘട്ടമായി നിർത്തലാക്കാൻ ആലോചനയുണ്ട്. ഭാവിയിൽ ദീർഘദൂര സർവീസുകൾക്കായി വന്ദേഭാരത്, അമൃത്ഭാരത് മാതൃകയിലുള്ള ഇരുവശത്തും എൻജിനുകളുള്ള ട്രെയിൻ സെറ്റുകളായിരിക്കും ഉപയോഗിക്കുക.
ഇതിന്റെ മുന്നോടിയായി 2027–28 കാലയളവിനുള്ളിൽ പഴയ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) നിർമിത പരമ്പരാഗത കോച്ചുകൾ പൂർണമായും എൽഎച്ച്ബി നിലവാരത്തിലേക്ക് ഉയർത്തും. അമൃത്ഭാരത് ട്രെയിനുകളുടെ എസി കോച്ചുകൾ ഉൾപ്പെടുന്ന പുതിയ മൂന്നാം പതിപ്പായിരിക്കും രാജ്യവ്യാപകമായി നടപ്പിലാക്കുക.
എൽഎച്ച്ബി കോച്ചുകളുള്ള നിലവിലുള്ള ട്രെയിനുകളിലും ഇരുവശത്തും എൻജിൻ ഘടിപ്പിക്കുന്നതിനുള്ള പദ്ധതി റെയിലിന്റെ പരിഗണനയിലുണ്ട്. പുഷ്പുൾ മാതൃകയിൽ സർവീസ് നടത്തുമ്പോൾ സ്റ്റേഷനുകളിലെ യാഡുകളിൽ എൻജിന്റെ ദിശ മാറ്റുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നത് വലിയ നേട്ടമാകും.
ഇത് ട്രെയിൻ സർവീസുകളുടെ കാര്യക്ഷമത ഗണ്യമായി വർധിപ്പിക്കും. 22 കോച്ചുകൾ അടങ്ങിയ ഫിക്സ്ഡ് ഫോർമേഷനിലുള്ള ട്രെയിനുകൾക്ക് പെട്ടെന്ന് വേഗത കൈവരിക്കാൻ കഴിയുമെന്നതിനൊപ്പം ഇവ കൂടുതൽ സുരക്ഷിതവുമാണ്.
എന്നാൽ, യാത്രാാവശ്യത്തിനനുസരിച്ച് പിന്നീട് കോച്ചുകൾ കൂട്ടിച്ചേർക്കാൻ കഴിയില്ലെന്നത് ഇതിന്റെ ഒരു പോരായ്മയാണ്. ഇതോടൊപ്പം വന്ദേഭാരത് ചെയർകാർ കോച്ചുകളുടെ ഡിസൈനിൽ മാറ്റങ്ങൾ വരുത്താനും നിർദേശമുണ്ട്.
എക്സിക്യൂട്ടീവ് ക്ലാസിൽ സീറ്റുകൾ തിരിക്കാനുള്ള സൗകര്യം ഒഴിവാക്കാനാണ് തീരുമാനം. കോച്ചുകളിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്നതിനായി ഒരു നിര സീറ്റുകൾ കൂടി പുതുതായി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

