കൊച്ചി: രാജ്യത്ത് നാളികേര ഉൽപാദനത്തിലും കൃഷിയുടെ വ്യാപ്തിയിലും വളർച്ചാ മാന്ദ്യം തുടരുമ്പോഴും, നാളികേര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ റെക്കോർഡ് വർധന. 2024–25 വർഷത്തിൽ 4349 കോടി രൂപയുടെ ഉൽപന്നങ്ങൾ കയറ്റി അയച്ച സ്ഥാനത്ത്, കഴിഞ്ഞ വർഷം ഇത് 7038 കോടി രൂപയായി ഉയർന്നു.
കയറ്റുമതിയിൽ മൊത്തത്തിൽ 62 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നാളികേര ഉൽപന്നമായ കയറിന്റെ കയറ്റുമതി മൂല്യം കൂടി ഉൾപ്പെടുത്തിയാൽ, കഴിഞ്ഞ വർഷത്തെ ആകെ കയറ്റുമതി 13652 കോടി രൂപയിലെത്തി.
മുൻവർഷം ഇത് 8692 കോടി രൂപയായിരുന്നു. രാജ്യത്താകെ 2024–25 കാലയളവിൽ 2300 കോടി നാളികേരം ഉൽപാദിപ്പിച്ചിരുന്ന സ്ഥാനത്ത്, കഴിഞ്ഞ വർഷം അത് 2200 കോടിയായി കുറഞ്ഞു.
എങ്കിലും കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഉൽപാദനത്തിൽ ചെറിയ തോതിലുള്ള വർധനയുണ്ടായിട്ടുണ്ട്. രാജ്യത്തെ ആകെ നാളികേര ഉൽപാദനത്തിന്റെ 90 ശതമാനവും നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സംഭാവനയാണ്.
അതേസമയം, ഗുജറാത്തിൽ നാളികേര കൃഷി വൻതോതിൽ വർധിച്ചുവരുന്നതായി നാളികേര വികസന ബോർഡിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ കഴിഞ്ഞ വർഷത്തെ നാളികേര ഉൽപാദനം 523.8 കോടിയാണ്.
കയറ്റുമതി ചെയ്ത നാളികേര ഉൽപന്നങ്ങളിൽ 67 ശതമാനവും ആക്ടിവേറ്റഡ് കാർബൺ ആണ്. പുതുതായി നിലവിൽ വന്ന വ്യാപാരക്കരാറുകൾ വഴി യുഎഇ, ഒമാൻ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യൻ നാളികേര ഉൽപന്നങ്ങൾക്ക് പുതിയ വിപണികൾ കണ്ടെത്താൻ സാധിച്ചതാണ് കയറ്റുമതി ഇത്രയധികം വർധിക്കാൻ പ്രധാന കാരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

