കണ്ണൂർ തില്ലങ്കേരിയിൽ ഇരുപതുകാരിയായ കീർത്തനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഉടൻതന്നെ ആഭ്യന്തര വകുപ്പിന് സമർപ്പിക്കും.
റിപ്പോർട്ടിന്റെ ഉള്ളടക്കം വിലയിരുത്തിയ ശേഷമായിരിക്കും കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നതിൽ അന്തിമ തീരുമാനമുണ്ടാകുക. കണ്ണൂർ തില്ലങ്കേരിയിലെ ലീനയുടേയും ജഷികുമാറിന്റേയും മൂത്ത മകളായ കീർത്തന കഴിഞ്ഞ ഏപ്രിൽ 30നാണ് ജീവനൊടുക്കിയത്.
മംഗളൂരുവിൽ ഫിസിയോ തെറാപ്പി വിദ്യാർത്ഥിനിയായിരുന്നു മാറിയ കീർത്തനയും മട്ടന്നൂർ സ്കൂളിലെ സഹപാഠിയായിരുന്ന ആദിദേവും തമ്മിൽ പ്രണയത്തിലായിരുന്നു. മറ്റൊരു പെൺകുട്ടിയുമായി ആദിദേവ് അടുത്തതാണ് കീർത്തനയുടെ ജീവനൊടുക്കാൻ കാരണമെന്ന് കുടുംബം ആരോപിക്കുന്നു.
ഇത് ശരിവെക്കുന്ന തരത്തിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ കീർത്തന സുഹൃത്തിന് അയച്ചിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു. കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള പേരാവൂർ പൊലീസ് ആദിദേവിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിരുന്നെങ്കിലും, ഹൈക്കോടതിയെ സമീപിച്ച പ്രതി മുൻകൂർ ജാമ്യം നേടിയിരുന്നു.
കണ്ണൂരിലെ ഒരു പൊലീസുകാരന്റെ മകനാണ് ആദിദേവ്. കീർത്തന മരിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും പ്രതിയെ ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ പൊലീസ് തയ്യാറാകുന്നില്ലെന്നും, ഇതിന് പിന്നിൽ ഉന്നത സ്വാധീനമുണ്ടെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.
തുടർന്നാണ് കുടുംബം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു.
ഇതിന്റെ ഭാഗമായി കീർത്തനയുടെ വീട്ടുകാരുടെയും കേസിലെ പ്രതിയായ ആദിദേവിന്റെയും മൊഴികൾ ക്രൈംബ്രാഞ്ച് ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

