പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കി ഇറാനെതിരെ ആക്രമണം കടുപ്പിച്ച് അമേരിക്ക. ബന്ദര്‍ അബ്ബാസ്, ഖഷാം ദ്വീപ്, കൊണാര്‍ക്ക്, ചബഹാര്‍, ജാസ്ക്, സിരിക് എന്നീ മേഖലകളില്‍ കനത്ത സ്ഫോടനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഈ ആക്രമണങ്ങളില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ഒരു കുട്ടി ഉള്‍പ്പെടെ നാല് പേര് കൊല്ലപ്പെടുകയും അമ്പതിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന് തിരിച്ചടിച്ചാല്‍ ഇതിലും വലിയ ആക്രമണം നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി.
എന്നാല്‍, ട്രംപിന്റെ ഭീഷണികളെ വകവെയ്ക്കാതെ അമേരിക്കന്‍ ആക്രമണത്തിന് ശക്തമായ മിസൈല്‍ മറുപടി നല്‍കിയെന്നാണ് ഇറാന്റെ ഐആര്‍ജിസിയുടെ അവകാശവാദം. ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങളിലേക്ക് പ്രത്യാക്രമണം നടത്തിയതായി ഇറാന് ഔദ്യോഗികമായി അറിയിച്ചു.
സാധാരണക്കാര്‍ക്ക് നേര്‍ക്ക് അമേരിക്ക നടത്തിയത് ക്രൂരവും ഹീനവുമായ ആക്രമണമാണെന്നും, തങ്ങളുടെ മിസൈല്‍ ആക്രമണത്തില്‍ നിരവധി സൈനിക ഉപകരണങ്ങളും ഹെലികോപ്റ്ററുകളും കെട്ടിടങ്ങളും തകര്‍ന്നുവെന്നും ഐആര്‍ജിസി വ്യക്തമാക്കി. ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ കഴിഞ്ഞ ദിവസം ഹോര്‍മുസിന്റെ കിഴക്കന്‍ തീരത്തേക്ക് അമേരിക്കന്‍ സൈന്യം അയച്ച എം ക്യു- നയണ്‍ ഡ്രോണുകളെ പ്രതിരോധിച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.
ഇതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ ഒമാനിലെ ഖസാബ് തുറമുഖത്തിനു സമീപം എണ്ണ ടാങ്കറിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സ്ഥിരീകരിച്ചു. എങ്കിലും സംഭവത്തില്‍ ആളപായമോ എണ്ണ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അമേരിക്കയ്ക്കു മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി എല്ലാ എണ്ണ കയറ്റുമതി രാജ്യങ്ങളും അമേരിക്കയെ ലക്ഷ്യം വയ്ക്കണമെന്ന് ഇറാന് ഡെപ്യൂട്ടി പാര്‍ലമെന്റ് സ്പീക്കര്‍ ഹമീദ്രേസ ഹാജി ബാബേയ് ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്കായി ഇറാനെ വഴങ്ങിക്കൊണ്ടുവരുന്നതിനാണ് രാജ്യത്തിന് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി.
സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ചൈനീസ് ബാങ്കുകള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിക്കാന്‍ യു എസ് ട്രഷറി വകുപ്പ് തയ്യാറെടുക്കുകയാണ്. അതേസമയം, കഴിഞ്ഞ ജൂണില്‍ ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുകയാണെങ്കില്‍ ചര്‍ച്ചകള്‍ക്ക് തയാറായേക്കുമെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് ഷാങ്ഹായ് ഉച്ചകോടിയില്‍ സൂചന നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

