ഇന്ത്യയുടെ തകർച്ച പ്രവചിച്ചവർക്ക് തിരിച്ചടിയേറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവചനങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് ഈ വർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിൽ രാജ്യം 7.8% സാമ്പത്തിക വളർച്ച കൈവരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ ശരിയായ ദിശയിൽ തഴച്ചുവളരുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള തലത്തിലെ പ്രതിസന്ധികൾക്കും അനിശ്ചിതത്വങ്ങൾക്കും ഇടയിലും രാജ്യത്തെ ജനങ്ങളുടെ കൂട്ടായ കരുത്താണ് ഈ നേട്ടത്തിന് പിന്നിലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക രംഗം മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും, വരുംകാലങ്ങളിൽ ആഗോളതലത്തിലെ പ്രശ്നങ്ങൾ വളർച്ചയെ ബാധിച്ചേക്കാമെന്ന് കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്തനാഗേശ്വരൻ മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളെയും മറികടന്നാണ് ഇന്ത്യയുടെ ജിഡിപി കണക്കുകളിൽ ഈ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്. നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യ പാദമായ ഏപ്രിൽ–ജൂണിലാണ് 7.8 ശതമാനം വളർച്ച രേഖപ്പെടുത്തിയത്.
മുൻ സാമ്പത്തികവർഷത്തിന്റെ നാലാം പാദമായ ജനുവരി–മാർച്ചിലെ 8.6 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെങ്കിലും, പ്രമുഖ ഏജൻസികളുടെയെല്ലാം പ്രവചനങ്ങളെ കവിഞ്ഞുനിൽക്കുന്നതാണ് ഈ കണക്കുകൾ. റിസർവ് ബാങ്ക് പോലും ഈ പാദത്തിൽ 7% വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നത്.
പ്രതികൂലമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കെ ആഭ്യന്തര വിപണിയിലുണ്ടായ കരുത്തുറ്റ മുന്നേറ്റമാണ് ഈ നേട്ടത്തിന് അടിസ്ഥാനമായത്. കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ രാജ്യത്തിന്റെ വളർച്ചനിരക്ക് 6.9 ശതമാനമായിരുന്നു.
രാജ്യത്തെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യമാണ് ജിഡിപി അഥവാ മൊത്ത ആഭ്യന്തര ഉൽപാദനം എന്ന് വിശേഷിപ്പിക്കുന്നത്. ധനകാര്യം, റിയൽ എസ്റ്റേറ്റ്, ഐടി, പ്രഫഷനൽ സേവനമേഖല എന്നിവയാണ് ഏറ്റവും ഉയർന്ന വളർച്ചയായ 12.1% കൈവരിച്ചത്.
ഉൽപാദന മേഖലയിൽ 9.2 ശതമാനവും, വ്യാപാരം, ഹോട്ടൽ, ഗതാഗതം, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ 8.5 ശതമാനവും വളർച്ച രേഖപ്പെടുത്തി. അതേസമയം കാർഷികമേഖലയിലെ വളർച്ച 3.6 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

