കൊല്ലം ജില്ലയിലെ മീയണ്ണൂരിൽ സ്ഥിതി ചെയ്യുന്ന വരിഞ്ഞവിള പള്ളി പെരുന്നാളിന് കൊടിയേറി. സഭയുടെയും വിശ്വാസികളുടെയും സജീവ പങ്കാളിത്തത്തോടെ ആരംഭിച്ച പെരുന്നാൾ ചടങ്ങുകൾ സെപ്റ്റംബർ എട്ടിന് സമാപിക്കും.
പെരുന്നാളിന്റെ ഭാഗമായി ദേവാലയത്തിൽ പൗരാണികമായി സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം അടങ്ങിയ പേടകത്തിന്റെ നട കൊടിയേറ്റ് ദിവസം മുതൽ പെരുന്നാൾ സമാപന ദിവസം വരെ വിശ്വാസികൾക്കായി തുറന്നു നൽകിയിട്ടുണ്ട്.
ആദ്യദിനത്തിലെ വിശുദ്ധ കുർബാനയ്ക്കും കൊടിയേറ്റിനും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു.
ഇടവക വികാരി ഫാ. കോശി ജോർജ് വരിഞ്ഞവിള, ഫാ.
ജോയിക്കുട്ടി വർഗീസ്, ഫാ. ജോർജ് വർഗീസ് എന്നിവർ ചടങ്ങുകൾക്ക് സഹകാർമികത്വം നൽകി.
പെരുന്നാൾ സമാപന ദിവസമായ സെപ്റ്റംബർ എട്ട് വരെ ദിവസവും വൈകിട്ട് 5:30ന് സന്ധ്യാനമസ്കാരവും, രാവിലെ 7.45ന് വിശുദ്ധ കുർബാനയും, മധ്യസ്ഥ പ്രാർഥനയും, തിരുവചന ധ്യാന യോഗങ്ങളും ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ ആറിന് രാവിലെ 10ന് വരിഞ്ഞവിള സെന്റ് മേരീസ് സെൻട്രൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ‘മത സാഹോദര്യം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും.
ഈ ചടങ്ങിൽ വിവിധ സാമൂഹിക, സാംസ്കാരിക, സാമുദായിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് സെപ്റ്റംബർ ഏഴിന് രാവിലെ 7:45-ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പൊലീത്ത ഡോ.
തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിക്കും. സമാപന ദിവസമായ സെപ്റ്റംബർ എട്ടിന് രാവിലെ 7.45 ന് വിശുദ്ധ കുർബാന നടക്കും.
തുടർന്ന് വരിഞ്ഞവിള സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾക്കായി വരിഞ്ഞവിള സെന്റ് മേരീസ് ട്രസ്റ്റ് ഏർപ്പെടുത്തിട്ടുള്ള 2025-2026-ലെ അക്കാദമിക് എക്സലെൻസ് അവാർഡ് വിതരണവും, കുട്ടികൾക്കുള്ള ആദ്യ ചോറൂട്ട്, നേർച്ചവിളമ്പ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

