പ്രമുഖ മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക – 80) അന്തരിച്ചു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വസതിയിൽ അർധരാത്രിയോടെയായിരുന്നു അന്ത്യം.
മൂവായിരത്തോളം ഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നിട്ടുണ്ട്. പക്ഷാഘാതത്തെ തുടർന്ന് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു അദ്ദേഹം.
കിടപ്പിലാകുന്നതിന് രണ്ടുദിവസം മുൻപും വീടിന്റെ ഉമ്മറത്തിരുന്ന് പുതിയ പാട്ടിന് അദ്ദേഹം ഈണം നൽകിയിരുന്നു. സംഗീതലോകത്തെ അവസാന നാളുകളിൽ കുടുംബവും പ്രിയശിഷ്യരും മാത്രമായിരുന്നു അദ്ദേഹത്തിന് കൂട്ടായി ഉണ്ടായിരുന്നത്.
പ്രശസ്ത ചലച്ചിത്രനടൻ അന്തരിച്ച മാമുക്കോയയും കോഴിക്കോട് അബൂബക്കറും സഹപാഠികളായിരുന്നു. കെ.ജെ.
യേശുദാസ്, കെ.എസ്. ചിത്ര, എം.ജി.
ശ്രീകുമാർ തുടങ്ങി മലയാളത്തിലെ മുൻനിര ഗായകരെല്ലാം അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. മാപ്പിളപാട്ട് വേദികളിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഉൾപ്പെടുത്താത്ത അവസരങ്ങൾ വിരളമായിരുന്നു.
പ്രശസ്ത സംഗീതസംവിധായകരായ ജി. ദേവരാജൻ മാസ്റ്ററുടെയും ബോംബെ രവിയുടെയും പ്രിയപ്പെട്ട
തബലിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. ഭാര്യ: കെ.വി.
സുബൈദ. മക്കൾ: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്നി, ഫെമിന, സജിന.
മരുമക്കൾ: സലാം, അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്സീന. മയ്യത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്തോട്ടം കബർസ്ഥാൻ പള്ളിയിൽ നടക്കും.

