സ്ത്രീകൾക്ക് കൃത്യമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നത് അവരെ കൂടുതൽ ശക്തരാക്കാനുള്ള ഏറ്റവും മികച്ച മാർഗമാണെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കശ്മീരിലായാലും കന്യാകുമാരിയിലായാലും തിരുവനന്തപുരത്തായാലും ഉന്നതവിദ്യാഭ്യാസത്തിൽ കൂടുതൽ സ്വർണമെഡലുകൾ സ്വന്തമാക്കുന്നത് പെൺകുട്ടികളാണെന്നും, ഇത് നമ്മുടെ സമൂഹത്തിന് ഏറെ അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘കോൺഫ്ലുവൻസ് 3.0’ ഇൻഡസ്ട്രി അക്കാദമിയ ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജഗിരി ക്യാംപസിലെ കുര്യാക്കോസ് ഏലിയാസ് ബ്ലോക്ക് ഓഡിറ്റോറിയത്തില് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി വി.ഡി.സതീശൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ, കോളജ് പ്രൊവിൻഷ്യൽ ആൻഡ് മാനേജർ ഫാ.
പൗലോസ് കിടങ്ങൻ സിഎംഐ, ഡയറക്ടർ ഫാ. ഡോ.
പ്രശാന്ത് പാലക്കാപ്പിള്ളിൽ സിഎംഐ, പ്രിൻസിപ്പൽ ഫാ. ഡോ.
ജെയ്സൺ പോൾ മുളേരിക്കൽ സിഎംഐ, അസി. ഡയറക്ടർ ഫാ.
ഡോ. ജോയൽ ജോർജ് പുല്ലോലിൽ സിഎംഐ, ഓസ്ട്രേലിയൻ ഫ്ലിന്ഡേഴ്സ് സർവകലാശാല വൈസ് ചാൻസിലർ ഡോ.
കോളിൽ സ്റ്റെർലിങ് തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു. ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും മുന്നേറ്റത്തിൽ 25 വർഷം എന്നത് തിളക്കമാർന്ന ഒരു നാഴികക്കല്ലാണെന്ന് രാജഗിരിയുടെ സിൽവർ ജൂബിലി വേളയെക്കുറിച്ച് സംസാരിക്കവെ ഉപരാഷ്ട്രപതി പറഞ്ഞു.
‘‘പടുത്തുയർത്തിയതിനെക്കുറിച്ച് അഭിമാനത്തോടെ തിരിഞ്ഞുനോക്കാനും കൈവരിക്കാനുള്ള ലക്ഷ്യങ്ങളിലേക്ക് ആകാംക്ഷയോടെ മുന്നോട്ടു നോക്കാനുമുള്ള നിമിഷമാണിത്. മൂല്യങ്ങളിൽ ആഴത്തിൽ വേരൂന്നിയതും എന്നാൽ ഭയമില്ലാതെ സാങ്കേതിക മികവിലേക്ക് മുന്നേറുന്നതുമായ ഒരു അക്കാദമിക് സമൂഹത്തെയാണ് ഞാൻ ഇവിടെ കാണുന്നത്.
ക്ലാസ് മുറികൾക്കപ്പുറം നിങ്ങളുടെ കാരുണ്യം ലോകമെമ്പാടുമുള്ള അഞ്ഞൂറോളം സാമൂഹിക, സാംസ്കാരിക, ആരോഗ്യ കേന്ദ്രങ്ങളിലൂടെ പ്രകടമാകുന്നു. ഈ വലിയ ശൃംഖല നിങ്ങളുടെ സ്ഥാപക പിതാവായ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ജീവിക്കുന്ന പാരമ്പര്യമാണ്.
വിശുദ്ധ ചാവറ അച്ചൻ ഒരു മതനേതാവ് എന്നതിലുപരി പത്തൊൻപറ്റാം നൂറ്റാണ്ടിലെ ഇന്ത്യയിലെ മികച്ച ദർശനികരിൽ ഒരാളും സാമൂഹിക പരിഷ്കർത്താവുമായിരുന്നു. ക്രമബദ്ധമായ വിദ്യാഭ്യാസം സമൂഹത്തിലെ വലിയവർക്കു മാത്രം പ്രാപ്യമായിരുന്ന കാലത്ത് വിശുദ്ധ ചാവറ അച്ചൻ പഠനത്തെ സാർവത്രികമാക്കി.
അതുകൊണ്ടാണ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ പെട്ട, വിദ്യാസമ്പന്നരായ ആളുകളെ ഇന്ന് കേരളത്തിലുടനീളം കാണാൻ കഴിയുന്നത്’’– അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാദമിക് രംഗവും വ്യവസായ മേഖലയും തമ്മിലുള്ള സംയോജനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ‘കോൺഫ്ലുവൻസ് 3.0’ സംരംഭത്തെ പ്രശംസിച്ച് കൊണ്ട് ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
കൃത്യമായ അക്കാദമിക് പഠനവും പ്രായോഗിക അനുഭവങ്ങളും സമന്വയിപ്പിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെയും സ്റ്റാർട്ടപ്പുകളുടെയും ആഗോള കേന്ദ്രമായി രാജ്യം മാറിക്കൊണ്ടിരിക്കുമ്പോൾ, കേരളത്തിൽ സ്കൂൾ തലത്തിലുള്ള വിദ്യാഭ്യാസം വളരെ മികച്ച രീതിയിലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
ഇനി നമ്മൾ ഉന്നതവിദ്യാഭ്യാസത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വെറുമൊരു ബിരുദ തലത്തിലുള്ള പഠനത്തിനപ്പുറം, കേരളത്തിലെ മുഴുവൻ സമൂഹത്തെയും മാറ്റിയെടുക്കാൻ പര്യാപ്തമായ ഗവേഷണാധിഷ്ഠിത വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. ജോലി അന്വേഷിക്കുന്നവരായിരിക്കണോ അതോ ജോലി നൽകുന്നവരായിരിക്കണോ എന്ന് നമ്മൾ തന്നെ തീരുമാനിക്കണം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ എപ്പോഴും സന്നദ്ധമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.
ബജറ്റിൽ പ്രഖ്യാപിച്ച ‘നോളജ് വാലി’ പദ്ധതിയിലൂടെ ലോകപ്രശസ്ത സർവകലാശാലകളെ കേരളത്തിലേക്ക് കൊണ്ടുവരാനും എൻജിനീയറിങ് സിലബസ് കാലാനുസൃതമായി പുനഃസംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ചയും ജനസംഖ്യാപരമായ മാറ്റങ്ങളും ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ തക്കവിധത്തിലുള്ള മാറ്റങ്ങളാണ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ ഭാരതത്തിന്റെ ലക്ഷ്യങ്ങളിലും കാഴ്ചപ്പാടുകളിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ സ്വീകരിക്കുന്ന ഒരു രാജ്യം എന്നതിലുപരി അത് സ്വയം രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി.
ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടുവെക്കുന്ന ആശയങ്ങൾ പിന്തുടരാൻ അദ്ദേഹം രാജഗിരിയോട് അഭ്യർത്ഥിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഫാ.
ഡോ. ജെയ്സൺ പോൾ മുളേരിക്കൽ സിഎംഐ സ്വാഗതം ആശംസിച്ചു.
എംഎൽഎമാരായ ചാണ്ടി ഉമ്മൻ, ഉമ തോമസ്, മുൻ കേന്ദ്രമന്ത്രിമാരായ അൽഫോൻസ് കണ്ണന്താനം, പി.സി.തോമസ്, മുൻ മന്ത്രി കെ.ബാബു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഉച്ചകോടിയുടെ രണ്ടാം ദിവസമായ നാളെ നടക്കുന്ന ചടങ്ങിൽ ഐബിഎം എക്സിക്യൂട്ടീവ് ചെയര്മാന് വി.കെ.മാത്യൂസ് മുഖ്യപ്രഭാഷണം നടത്തും.
‘ഇന്ത്യ ഇംപാക്ട് ഓഫ് എഐ’ എന്നതാണ് ഈ വർഷത്തെ ഉച്ചകോടിയുടെ മുഖ്യ പ്രമേയം. രണ്ടായിരത്തിലധികം പ്രതിനിധികള് പങ്കെടുക്കുന്ന വിവിധ സാങ്കേതിക സെഷനുകളും പാനൽ ചർച്ചകളും ചടങ്ങിന്റെ ഭാഗമായി നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

