ഇറാനും യുഎസും തമ്മിലെ സംഘർഷങ്ങൾക്കും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കാനായില്ല. റിസർവ് ബാങ്കിന്റെയടക്കം പ്രവചനങ്ങളെ പൂർണ്ണമായും പിന്തള്ളിക്കൊണ്ട് നടപ്പു സാമ്പത്തിക വർഷമായ 2026-27 ലെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ഇന്ത്യൻ ജിഡിപി 7.8% വളർച്ച കൈവരിച്ചു.
ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന ഖ്യാതി മറ്റു രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ ഇത്തവണയും നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം സമാനകാലയളവിൽ 6.9 ശതമാനമായിരുന്നു രാജ്യത്തിന്റെ ജിഡിപി വളർച്ച.
തുടർച്ചയായ നാലാം പാദത്തിലും വളർച്ചാ നിരക്ക് 7 ശതമാനത്തിന് മുകളിൽ നിലനിർത്താൻ സാധിച്ചുവെന്നത് വലിയൊരു നേട്ടമാണ്. എന്നാൽ, തൊട്ടുമുൻപത്തെ പാദമായ ജനുവരി-മാർച്ചിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വളർച്ചയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.
പുതുക്കിയ കണക്കുപ്രകാരം ഇക്കഴിഞ്ഞ ജനുവരി-മാർച്ചിൽ 8.6 ശതമാനമായിരുന്നു വളർച്ചനിരക്ക്. ആദ്യ വിലയിരുത്തലിൽ ഇത് 7.8 ശതമാനമായിരുന്നു.
ലോകവേദിയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയെന്ന പദവി ഇന്ത്യയിൽ നിന്നും തട്ടിയെടുക്കാൻ സമീപത്തൊന്നും ആരുമില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങളുടെ വളർച്ചാ നിരക്ക് ഇങ്ങനെയാണ്: യുഎസ് 1.5%, ചൈന 4.3%, യുകെ 0.4%, ജർമനി 0.3%, ഫ്രാൻസ് പൂജ്യം ശതമാനം, ജപ്പാൻ 1.1%.
ദക്ഷിണ കൊറിയയുടെ വളർച്ച 3.7%, ഇറ്റലി 0.2%, ഇന്തൊനീഷ്യ 5.3%, തായ്ലൻഡ് 1.9%, കാനഡ 3.3%, ബ്രസീൽ 0.2% എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതീക്ഷകൾക്കപ്പുറമുള്ള സാമ്പത്തിക കുതിപ്പ് നടപ്പു സാമ്പത്തിക വർഷത്തെ ജൂൺപാദത്തിൽ ഇന്ത്യ 6.6% വളർച്ച നേടുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം.
എസ്ബിഐ റിസർച്ച് 8% വളർച്ചയാണ് പ്രവചിച്ചിരുന്നതെങ്കിൽ റോയിട്ടേഴ്സ് സർവേ ഇത് 7.1 ശതമാനമായി വിലയിരുത്തി. ഈ പ്രവചനങ്ങളെല്ലാം തിരുത്തിക്കുറിച്ചാണ് രാജ്യത്തിന്റെ ഈ മുന്നേറ്റം.
ഒരു രാജ്യത്തെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നിശ്ചിത കാലയളവിലെ ആകെ മൂല്യമാണ് മൊത്ത ആഭ്യന്തര ഉൽപാദനം അഥവാ ജിഡിപി എന്ന് അറിയപ്പെടുന്നത്. ജിഡിപി മൂല്യം 81.36 ലക്ഷം കോടി രൂപ കണക്കുകൾ പ്രകാരം ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യൻ ജിഡിപിയുടെ ആകെ മൂല്യം 81.36 ലക്ഷം കോടി രൂപയാണ്.
മുൻവർഷം ഇതേ പാദത്തിൽ ഇത് 75.46 ലക്ഷം കോടി രൂപയായിരുന്നു. ഇതാണ് കഴിഞ്ഞപാദത്തിൽ 7.8% വളർച്ച കൈവരിക്കാൻ സഹായിച്ചത്.
മാനുഫാക്ചറിങ് മേഖലയുടെ കരുത്ത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായ മാനുഫാക്ചറിങ് മേഖലയിലെ വളർച്ച 8.3 ശതമാനത്തിൽ നിന്ന് 9.2 ശതമാനമായി ഉയർന്നു എന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്നാൽ കാർഷിക മേഖലയുടെ വളർച്ച 4.4 ശതമാനത്തിൽ നിന്ന് 3.6 ശതമാനമായും, ഖനന മേഖലയുടേത് 12.4 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 2.4 ശതമാനമായും കുറഞ്ഞത് തിരിച്ചടിയായി.
വൈദ്യുതി, ഗ്യാസ്, ജലവിതരണം തുടങ്ങിയ മേഖലകളുടെ വളർച്ചനിരക്ക് നെഗറ്റീവ് 1.8 ശതമാനത്തിൽ നിന്ന് 8.9 ശതമാനമായി മെച്ചപ്പെട്ടു. നിർമാണ മേഖലയുടെ വളർച്ച 5.2 ശതമാനത്തിൽ നിന്ന് 7.7 ശതമാനത്തിലേക്ക് ഉയർന്നു.
വ്യാപാരം, ഹോട്ടൽ മേഖലകളുടെ വളർച്ച 9.8 ശതമാനത്തിൽ നിന്ന് 8.5 ശതമാനമായി കുറഞ്ഞപ്പോൾ, ധനകാര്യം, റിയൽ എസ്റ്റേറ്റ്, ഐടി, പ്രൊഫഷണൽ സേവനങ്ങൾ എന്നിവയടങ്ങുന്ന മേഖലയുടെ വളർച്ച 8.8 ശതമാനത്തിൽ നിന്ന് 12.1 ശതമാനമായി ഉയർന്നത് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ കരുത്തായി. പൊതുഭരണം, പ്രതിരോധം എന്നിവ ഉൾപ്പെടുന്ന മേഖലയുടെ വളർച്ചയും 4.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി വർധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

