കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിന് ശേഷം രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്തിലേക്ക് കടന്നു. ദുരന്തത്തില്‍ ഇതുവരെ 903 മൃതദേഹങ്ങളാണ് ഔദ്യോഗികമായി കണ്ടെടുത്തത്.
മലയാളികള്‍ ഉള്‍പ്പെടെ 4000-ല്‍ അധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളില്‍ കുടുങ്ങിയ 933 പേരെക്കുറിച്ചുള്ള വിവരങ്ങളും ഇനിയും ലഭ്യമായിട്ടില്ല.
നേപ്പാള്‍ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ആകെ 4247 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതില്‍ 275 ഇന്ത്യക്കാരും ജലവൈദ്യുതി പദ്ധതികളിലെ തുരങ്കങ്ങളില്‍ കുടുങ്ങിയവരും ഉള്‍പ്പെടുന്നു.
നേപ്പാള്‍ പോലീസിലെ 25 പേരും നേപ്പാള്‍ ആര്‍മിയിലെ 45 പേരും കാണാതായവരുടെ പട്ടികയിലുണ്ട്. ഇന്ത്യയില്‍ നിന്നുള്ള തുരങ്ക രക്ഷാപ്രവര്‍ത്തന സംഘവും ഡിഎന്‍എ പരിശോധനയ്ക്കുള്ള ഫോറന്‍സിക് വിദഗ്ധരും നേപ്പാളില്‍ സജീവമായി രംഗത്തുണ്ട്.
എന്നാല്‍ താല്‍ക്കാലിക തടയണകള്‍ തകരാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏറ്റവുമധികം മൃതദേഹങ്ങള്‍ കണ്ടെടുത്തത് ചിത്വാന്‍ ജില്ലയില്‍ നിന്നാണ്.
ഇവിടെ മാത്രം 272 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച ശേഷം ഈ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കും.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 20,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിനിടയില്‍ പ്രളയബാധിതമായ നേപ്പാളിന് സഹായഹസ്തവുമായി ചൈനയും രംഗത്തെത്തിയിട്ടുണ്ട്.
നേപ്പാളിന് 2.2 മില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായമാണ് ചൈന ഔദ്യോഗികമായി അനുവദിച്ചിട്ടുള്ളത്.

