ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബജ്രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ ജിം ഉടമയ്ക്ക് സുപ്രീം കോടതിയുടെ ആശ്വാസനടപടി.
സാമൂഹ്യ മാധ്യമങ്ങളിൽ മുഹമ്മദ് ദീപക് കുമാർ എന്ന പേരിൽ വൈറലായ ദീപക് കുമാറിനെതിരെയുള്ള എഫ്ഐആറിലെ തുടർനടപടികളാണ് സുപ്രീം കോടതി തടഞ്ഞത്. ഉത്തരാഖണ്ഡ് ഹൈക്കോടതി കേസ് റദ്ദാക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്ത കോടതി, കേസുമായി ബന്ധപ്പെട്ട
കക്ഷികൾക്ക് നോട്ടീസ് അയക്കുകയും നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ചോ കേസിനെക്കുറിച്ചോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിക്കുന്നതിനെതിരെയുള്ള ഹൈക്കോടതി വിലക്കും സുപ്രീം കോടതി താൽക്കാലികമായി പിൻവലിച്ചു.
കഴിഞ്ഞ ജനുവരി 26ന് പ്രായമായ മുസ്ലിം വ്യാപാരിയുടെ കടയുടെ പേരിൽ ‘ബാബ’ എന്ന വാക്ക് ഉപയോഗിച്ചതിനെച്ചൊല്ലി ബജ്രംഗ് ദൾ പ്രവർത്തകർ തർക്കമുണ്ടാക്കിയപ്പോൾ വ്യാപാരിക്ക് പിന്തുണയുമായി ദീപക് രംഗത്തെത്തുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ പേര് ചോദിച്ചപ്പോൾ ‘മുഹമ്മദ് ദീപക്’ എന്നാണ് ദീപക് സ്വയം പരിചയപ്പെടുത്തിയത്.
ഈ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ദീപക് കുമാറിനായി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയിൽ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

