ഓണാവധിയും ഞായറാഴ്ചയും ഒത്തുവന്നതോടെ ആഘോഷത്തിനായി മലമ്പുഴയിൽ എത്തിയ വിനോദസഞ്ചാരികൾക്ക് അപ്രതീക്ഷിത അനുഭവവും ആശങ്കയും. റിസർവോയർ പരിസരത്തേക്ക് അപ്രതീക്ഷിത അതിഥിയായി ഒരു കാട്ടുകൊമ്പൻ നീന്തിയെത്തിയതാണ് ആശങ്കയ്ക്ക് കാരണമായത്.
ആനക്കല്ല്, കവ ഭാഗത്തുനിന്നാണ് ആന തെക്കേ മലമ്പുഴയിലെ വൃഷ്ടിപ്രദേശത്തേക്ക് പ്രവേശിച്ചത്. രാവിലെ 6.30 മുതൽ തന്നെ പ്രദേശത്ത് ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നെങ്കിലും, പകൽ പത്തുമണിയോടെയാണ് ഇത് ആളുകൾ ഉള്ള ഭാഗത്തേക്ക് നീന്തിയെത്തിയത്.
അവധി ദിവസമായതിനാൽ രാവിലെ തന്നെ വലിയ തോതിൽ വിനോദസഞ്ചാരികൾ പ്രദേശത്ത് എത്തിച്ചേർന്നിരുന്നു. ആനയുടെ സാന്നിധ്യം മനസ്സിലാക്കിയ ഉടൻ തന്നെ വനപാലകർ ഇടപെടുകയും സന്ദർശകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
ഡാമിൽ മീൻപിടിക്കാൻ എത്തിയവരാണ് കാട്ടുകൊമ്പനെ ആദ്യം കണ്ടത്. മണിക്കൂറുകളോളമാണ് ആന ഡാമിന്റെ വൃഷ്ടിപ്രദേശത്ത് നിലയുറപ്പിച്ചത്.
തുടർന്ന് മീൻപിടിക്കാനെത്തിയവരും ദ്രുതകർമ്മ സേനയും (ആർആർടി), വനപാലകരും ചേർന്ന് പടക്കം പൊട്ടിച്ചും ബഹളം വെച്ചും ആനയെ തിരികെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. ഇതിനിടയിൽ തെക്കേമലമ്പുഴ സ്വദേശികളായ കെ.ജോസ്, എം.മുഹമ്മദാലി എന്നിവരുടെ വീടുകളുടെയും പറമ്പുകളുടെയും വേലികൾ ആന തകർത്തു.
രണ്ടാഴ്ച മുൻപും ഈ പ്രദേശത്ത് കാട്ടാന എത്തി വ്യാപകമായി കൃഷിനാശം വരുത്തിയിരുന്നു. ഇതിനുപുറമേ പുലി ഉൾപ്പെടെയുള്ള മറ്റ് വന്യജീവികളുടെ സാന്നിധ്യവും പ്രദേശവാസികളിൽ കടുത്ത ഭീതി സൃഷ്ടിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

