ഇടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും കടുത്ത സംഘർഷഭരിതമായി മാറിയിരിക്കുന്നു. ഹോർമൂസ് കടലിടുക്കിന് സമീപം ഇറാൻ സ്ഥാപിച്ച റോക്കറ്റ് ലോഞ്ചറുകൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ കനത്ത തിരിച്ചടിയുണ്ടായിരിക്കുന്നത്.
ജോർദാനിലെ പ്രധാനപ്പെട്ട അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ ആക്രമണം അഴിച്ചുവിട്ടത്.
രണ്ട് വ്യോമ താവളങ്ങളാണ് പ്രധാനമായും ലക്ഷ്യം വയ്ക്കപ്പെട്ടത്. ലാറഖ് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണത്തിനുള്ള കൃത്യമായ മറുപടിയായാണ് ഈ നടപടിയെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാനുള്ള ഇറാന്റെ തുടർച്ചയായ ശ്രമങ്ങൾ തടയുന്നതിനാണ് തങ്ങൾ ആക്രമണം നടത്തേണ്ടിവന്നതെന്ന് അമേരിക്ക വിശദീകരിച്ചു. ഒമാനിലെ ഖസബ് തീരത്തോട് ചേർന്ന് ഒരു കപ്പലും ആക്രമണത്തിന് ഇരയായിട്ടുണ്ട്.
തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ എട്ട് മിസൈലുകൾ വിജയകരമായി തകർത്തതായി ജോർദാൻ വ്യക്തമാക്കി. അമേരിക്കൻ ആക്രമണത്തിൽ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വ്യക്തമാക്കിയിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിൽ പോർമുഖം തുറന്നതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ രണ്ട് ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 90 ഡോളറിന് മുകളിലേക്ക് ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

