കോഴിക്കോട് വിലങ്ങാടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ, മൃഗത്തെ കാടുകയറ്റാനോ മയക്കുവെടി വെച്ചു പിടികൂടാനോ ഉള്ള വനംവകുപ്പിന്റെ ശ്രമങ്ങൾ ഇന്നും തുടരും.
ഇതിന്റെ ഭാഗമായി കൃഷിയിടങ്ങളിലും വനമേഖലയിലും ഇന്നലെ വൈകീട്ടോടെ തെർമൽ ഡ്രോൺ ഉപയോഗിച്ച് വ്യാപകമായ പരിശോധന നടത്തിയിരുന്നു. വയനാട്ടിൽ നിന്നുള്ള ആർ.ആർ.ടി സംഘം ഉൾപ്പെടെ നാൽപതോളം ഉദ്യോഗസ്ഥരും നാട്ടുകാരും ഈ ദൗത്യത്തിൽ പങ്കാളികളായിട്ടുണ്ട്.
മൃഗത്തെ തുരത്താൻ കഴിയാത്ത സാഹചര്യം വന്നാൽ അപകടകാരിയായ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലേണ്ടി വരുമെന്ന റിപ്പോർട്ട് നേരത്തെ തന്നെ സി.സി.എഫിന് കൈമാറിയിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ മയക്കുവെടി വെച്ച് പിടികൂടാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.
ഇന്നലത്തെ തെരച്ചിലിൽ കാട്ടുപോത്തിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടയിൽ, ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട
സുനിലിന്റെ കുടുംബത്തിന് ആദ്യഘടനാ ധനസഹായമായ 5 ലക്ഷം രൂപ ഇന്നലെ കൈമാറി. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ വി സി സുനില്‍ (40), ഓണം അവധിക്കായി നാട്ടിൽ എത്തിയപ്പോഴാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്.
കോഴിക്കോട് നാദാപുരം വിലങ്ങാട് സ്വദേശി ചന്തുവിന്റെ മകനാണ് സുനിൽ. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തുന്നതിനിടയിലാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്.
വായാട് തെക്ക് നെല്ലിപ്പുഴ ജോസ്ബൈറ്റ് ജേക്കബിന്റെ കൃഷിയിടത്തിന് സമീപത്തു വെച്ചായിരുന്നു സംഭവം. കാട്ടുപോത്തിന്റെ കുത്തേറ്റ് സാരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് സുനിലിന്റെ കുടുംബം. അതേസമയം, വിലങ്ങാട് മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം പ്രതിരോധിക്കാൻ സോളാർ ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ചാർജിങ് സംബന്ധമായ തകരാറുകൾ കാരണം ഇത് ഫലപ്രദമാകുന്നില്ലെന്ന് നാട്ടുകാർ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു.
പ്രദേശത്ത് സ്ഥിരമായിയെത്തുന്ന കാട്ടുപോത്തിനെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

