കൊല്ലം ശൂരനാട്ടിൽ ഭിന്നശേഷിക്കാരന്റെ ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ച സംഭവവുമായി ബന്ധപ്പെട്ട് നിർണായകമായ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ 23-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
അപകടത്തിന് പിന്നാലെ കാർ ഡ്രൈവറും സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദനമേറ്റെന്ന കാർ ഡ്രൈവർ നാദിഷായുടെ പരാതിയിൽ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.
എന്നാൽ തെറ്റായ ദിശയിലെത്തി വീൽചെയർ ഇടിച്ചിട്ട ഭിന്നശേഷി യുവാവ് ജാസ്മീറിന്റെ പരാതിയിൽ കാർ ഡ്രൈവർ നാദിഷായ്ക്കെതിരെയും ശൂരനാട് പൊലീസ് ഇന്ന് കേസെടുക്കുകയുണ്ടായി.
ഭിന്നശേഷി സംരക്ഷണ നിയമം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് ഡ്രൈവറെ പ്രതി ചേർത്തിട്ടുള്ളത്. അപകടത്തിന് ശേഷം ജാസ്മീറിനെ പ്രതി ‘വികലാംഗൻ’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്.
സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസ് തനിക്കെതിരെയുള്ള പരാതിയിൽ നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് ജാസ്മീർ ആരോപിച്ചിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഒടുവിൽ പ്രതിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ശൂരനാട് പൊലീസ് തയ്യാറായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

