ഓണാവധിക്ക് വിരാമമായി ജനം നഗരങ്ങളിലേക്കും ജോലിസ്ഥലങ്ങളിലേക്കും മടങ്ങിവീടാൻ തുടങ്ങിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടുതുടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവധി കഴിയുന്നതും യാത്രക്കാരുടെ മടക്കയാത്രയും ട്രെയിനുകളിലും ബസുകളിലും വലിയ തിരക്കിന് കാരണമായിട്ടുണ്ട്.
ഇതിനിടയിൽ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ വിവിധ പരിപാടികളുടെയും ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെയും ഭാഗമായി പൊലീസ് ഗതാഗത, പാർക്കിങ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിൽ ഓണം വാരാഘോഷ സാംസ്കാരിക ഘോഷയാത്രയുടെയും അതിവിശിഷ്ട വ്യക്തിയുടെ സന്ദർശനത്തിന്റെയും പശ്ചാത്തലത്തിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ പ്രധാന പാതകളിലും ഇടറോഡുകളിലും ഗതാഗത നിയന്ത്രണം നിലവിലുണ്ടാകും.
കവടിയാർ, വെള്ളയമ്പലം, മ്യൂസിയം, സ്റ്റാച്യു, കിഴക്കേകോട്ട, ഈഞ്ചയ്ക്കൽ തുടങ്ങിയ പ്രധാന റൂട്ടുകളിലാണ് നിയന്ത്രണങ്ങൾ ബാധകം. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഈ പാതകളിൽ വാഹന പാർക്കിങ് പൂർണമായി നിരോധിച്ചിട്ടുണ്ട്.
നഗരത്തിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. കൊച്ചിയിലും സമാനമായ രീതിയിൽ കർശന ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കളും ചൊവ്വയും ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 5.30 വരെ ദേശീയപാത 544 ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും. കളമശേരി, സീപോർട്ട് – എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ പ്രത്യേക വഴിതിരിച്ചുവിടലുകളും പാർക്കിങ് നിരോധനവും നടപ്പാക്കിയിട്ടുണ്ട്.
പത്തനംതിട്ടയിൽ ഉത്തൃട്ടാതി ജലോത്സവത്തോടനുബന്ധിച്ച് ഉപരാഷ്ട്രപതി എത്തുന്നതുമായി ബന്ധപ്പെട്ട് രാവിലെ 9 മുതൽ കോന്നി ജംക്ഷൻ മുതൽ ആറാട്ടുപുഴ വരെയുള്ള ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്ത് ഓണാഘോഷ തിരക്കിനൊപ്പം റോഡുകളുടെ തകർന്ന അവസ്ഥയും നഗരത്തിൽ വലിയ കുരുക്കിന് കാരണമായിട്ടുണ്ട്.
കോഴിക്കോട് നഗരത്തിൽ പൊലീസ് നടപ്പാക്കിയ ഗതാഗത ക്രമീകരണങ്ങൾ ഫലം കണ്ടതിനാൽ വലിയ കുരുക്കുകൾ ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്. എംസി റോഡിലെ പ്രധാന പട്ടണങ്ങളിലും മൂവാറ്റുപുഴയിലും ചെറിയ തോതിൽ വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

