തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തി അപമാനിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുവാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും.
നിശ്ചയിച്ച ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് മുൻകൂട്ടി മനസ്സിലാക്കി മനഃപൂർവം അധിക്ഷേപ ലക്ഷ്യത്തോടെയുള്ള ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. സംഭവത്തിൽ മറ്റാരുടെയെക്കെയോ പങ്കാളിത്തമുണ്ടെന്ന കോണിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കാൻ പൊലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഫോൺ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ തന്നെ നോട്ടീസ് നൽകും.
ഡിസിസി അംഗമായ ചേന്തി അനിൽ ആണ് ഔദ്യോഗിക പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല എന്നറിഞ്ഞിട്ടും വഴിയിൽ തടഞ്ഞുനിർത്തി പ്രതിഷേധം സംഘടിപ്പിച്ചത്. സംഭവത്തെത്തുടർന്ന് ഇയാളെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കുന്ന സമഗ്ര വിവരങ്ങളാണ് പൊലീസ് ഇതിനോടകം കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ കേസുകളുടെ വിവരങ്ങൾ റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശ്രീകാര്യം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ 43-ാം പ്രതിയാണ് അനിൽ. പൊതുജനങ്ങളുടെ മുൻപിൽ വെച്ച് മുഖ്യമന്ത്രിയെ മനഃപൂർവം അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി വാഹനം തടഞ്ഞു നിർത്തിയത് എന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

