തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സംഭവത്തിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. മുഖ്യമന്ത്രിയുടെ യാത്രാപഥം തടസ്സപ്പെടുത്തിയ സംഭവത്തിലെ ദൃശ്യങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കാൻ പൊലീസ് തീരുമാനിച്ചു.
ദൃശ്യങ്ങളുടെ ആധികാരികത പൂർണ്ണമായും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സംഭവവുമായി ബന്ധപ്പെട്ട് ചേന്തി അനിൽ എന്നയാളുടെ ശബ്ദ സാമ്പിളുകൾ ശേഖരിക്കുമെന്നും അധികൃതർ അറിയിച്ചു.
വിഡിയോയിലുള്ളത് പ്രതിയുടെ ശബ്ദം തന്നെയാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാനാണ് ഇത്. മുഖ്യമന്ത്രിയെ പരസ്യമായി അധിക്ഷേപിച്ചു സംസാരിച്ചുവെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. ജയിലിൽ നേരിട്ടെത്തി ശബ്ദ സാമ്പിൾ ശേഖരിച്ചാൽ മതിയെന്നും, നിലവിൽ മറ്റ് തെളിവെടുപ്പുകളുടെ ആവശ്യമില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
കസ്റ്റഡിയിലിരിക്കെ പ്രതിയായ ചേന്തി അനിൽന്റെ മൊബൈൽ ഫോൺ പൊലീസ് തിരികെ നൽകിയതും വിവാദമായിട്ടുണ്ട്. സാധാരണയായി റൗഡി ലിസ്റ്റിൽ ഉൾപ്പെടുന്ന ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ കോൾ വിവരങ്ങൾ അടക്കം മുഴുവൻ ഡിജിറ്റൽ തെളിവുകളും പരിശോധിക്കാറുണ്ട്.
എന്നാൽ പോലീസിലെ ഉന്നതരുടെ സ്വാധീനം മൂലമാണ് ഫോൺ തിരികെ നൽകിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കോൾ വിശദാംശങ്ങൾ ശേഖരിച്ചാൽ മതിയെന്നാണ് ഇക്കാര്യത്തിൽ പൊലീസിന്റെ ഔദ്യോഗിക ഭാഷ്യം.
മുഖ്യമന്ത്രിയെ മനപ്പൂർവം അപകീർത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് വഴിയിൽ തടഞ്ഞതെന്നാണ് എഫ്ഐആറിലെ പ്രധാന ആരോപണം. ഗൂഢാലോചന അടക്കമുള്ള അതീവ ഗൗരവകരമായ സംശയങ്ങൾ നിലനിൽക്കുന്ന കേസിൽ പ്രധാന തൊണ്ടിമുതലായ ഫോൺ സ്റ്റേഷനിൽ തേടിയെത്തിയ ബന്ധുവിന് കൈമാറിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മറുഭാഗത്ത്, പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ സർക്കാർ അഭിഭാഷകൻ മൃദുസമീപനം സ്വീകരിച്ചതായും ആക്ഷേപമുണ്ട്. മുഖ്യമന്ത്രിയുടേത് ഔദ്യോഗിക പരിപാടിയായിരുന്നില്ലെന്നും അതിനാൽ നിലവിലുള്ള കേസ് നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.
എന്നാൽ, ചെമ്പഴന്തി ഗുരുകുലത്തിലേക്ക് സഞ്ചരിക്കുകയായിരുന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണം പ്രതി തടസ്സപ്പെടുത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള ഏക ജാമ്യമില്ലാ കുറ്റവും ഇതുതന്നെയാണ്.
എന്നാൽ കോടതിയിൽ നടന്ന വാദത്തിനിടെ സർക്കാർ അഭിഭാഷകൻ ഈ സുപ്രധാന വിവരം ചൂണ്ടിക്കാണിച്ചില്ല. ഇത് പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്ന സാഹചര്യം ഒരുക്കിയെന്ന വിമർശനവും ശക്തമാണ്.
ഈ ജാമ്യാപേക്ഷയിൽ കോടതി വരുന്ന തിങ്കളാഴ്ച വിധി പറയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

