റിയാദ്: സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിര്‍ണായക പ്രകടനത്തില്‍ അല്‍-താവൂനെതിരെ അല്‍ നസറിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസറിന്റെ വിജയം.
മത്സരത്തിന്റെ അമ്പതാം മിനിറ്റില്‍ മുഹമ്മദ് സിമാകന്റെ പവര്‍ഫുള്‍ ഷോട്ട് ക്രിസ്റ്റ്യാനോ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഈ തകർപ്പൻ ഗോളോടെ സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ എക്കാലത്തേയും ടോപ് സ്കോറര്‍ എന്ന ചരിത്രനേട്ടവും പോര്‍ച്ചുഗല്‍ നായകന് സ്വന്തമാക്കി.
104 ഗോളുമായാണ് താരം അല്‍ നസറിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറിയത്. അല്‍ നസറിനായി 110-ാം മത്സരത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 19 അസിസ്റ്റുകളും 104 ഗോളുകളുമാണ് ഇതുവരെ സ്വന്തമാക്കിയത്.
മുന്‍ ടോപ് സ്കോററായ മുഹമ്മദ് അല്‍-സഹ്ലവി 205 മത്സരങ്ങളില്‍ നിന്നാണ് 103 ഗോളുകള്‍ നേടിയിരുന്നത്. 2009 മുതല്‍ 2019 വരെയായിരുന്നു മുഹമ്മദ് അല്‍-സഹ്ലവി അല്‍നസറിനായി പന്തുതട്ടിയത്.
ഈ നേട്ടത്തോടെ ക്രിസ്റ്റ്യാനോയുടെ കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 978 ആയി ഉയർന്നു. ചരിത്രപ്രധാനമായ ആയിരം ഗോളുകള്‍ എന്ന നാഴികക്കല്ലാണ് താരം ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
“അല്‍ നസറിനായി കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിഞ്ഞതില്‍ ഞാന്‍ ആഹ്ലാദവാനാണ്. ഇതൊരിക്കലും എന്റെ മാത്രം നേട്ടമല്ല, സഹപ്രവര്‍ത്തകരുടെ പിന്തുണ കൊണ്ട് സാധിച്ചതാണ്.
അവരില്ലാതെ തനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. അതുപോലെ ക്ലബ്ബിന്റെ അനുകൂലികള്‍ നല്കുന്ന പിന്തുണയും ഞാന്‍ വിലമതിക്കുന്നു, എല്ലാവരോടും നന്ദി അറിയിക്കുന്നു,” ക്രിസ്റ്റ്യാനോ വ്യക്തമാക്കി.
വരുന്ന സെപ്തംബർ 5ന് 2024-25 ചാമ്പ്യന്മാരായ അല്‍ ഇത്തിഹാദുമായാണ് സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ അടുത്ത മത്സരം. അഞ്ച് തവണ ബാലണ്‍ ദ്യോര്‍ ജേതാവായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നാണ് സൗദി പ്രോ ലീഗ് ക്ലബ്ബിലെത്തിയത്.
മാഞ്ചസ്റ്ററിന്റെ പരിശീലകന് എറിക് ടെന്‍ ഹാഗ് താരത്തെ പകരക്കാരുടെ ബെഞ്ചിലിരുത്തിയതോടെയാണ് അദ്ദേഹം ക്ലബ്ബ് വിടാന്‍ തീരുമാനിച്ചത്. 2022 നവംബറില്‍ കരാര്‍ റദ്ദാക്കി താരം അല്‍ നസറിലേക്ക് എത്തിയതോടെയാണ് സൗദി പ്രോ ലീഗിലേക്ക് ലോകഫുട്ബോള്‍ പ്രേമികളുടെ ശ്രദ്ധ തിരിഞ്ഞത്.
കരിയറിന്റെ സായാഹ്നത്തിലും ഗോളടിശീലം തുടരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് അടുത്തു തന്നെ വിരമിക്കുമെന്നാണ് സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

