ഇടനിലക്കാരുടെ ഇടപെടലുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് സുപ്രധാന തീരുമാനവുമായി രംഗത്ത്. വരുന്ന സെപ്റ്റംബര്‍ 21 മുതല്‍ ആകെ 60 പരിവാഹന്‍ സേവനങ്ങള്‍ക്കാണ് ആധാര്‍ ഒടിപി (OTP) നിര്‍ബന്ധമാക്കിയിരിക്കുന്നത്.
നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള 21 സേവനങ്ങള്‍ക്കാണ് ആധാര്‍ ഒടിപി പരിശോധന നിലവിലുള്ളത്. മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണത്തെത്തുടര്‍ന്ന് ഏജന്റുമാര്‍ക്കെതിരെ വലിയ തോതില്‍ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് വകുപ്പിന്റെ ഈ കര്‍ശന നടപടി.
തന്റെ ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനായി ഷൗക്കത്ത് മാസങ്ങളോളം വിവിധ ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും ഫലം കണ്ടിരുന്നില്ല. ഏജന്റുമാര്‍ മുഖേന അല്ലാതെ നേരിട്ട് അപേക്ഷ സമര്‍പ്പിച്ചതിനാല്‍ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു എന്നായിരുന്നു പ്രധാന ആരോപണം.
ഈ വിഷയം പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ഇടനിലക്കാരുടെ ചൂഷണം അവസപ്പിക്കാന് മോട്ടോര്‍ വാഹനവകുപ്പ് അടിയന്തര തീരുമാനമെടുത്തത്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലാ മോട്ടോര്‍ വെഹിക്കിള്‍ ഓഫിസുകളും നിയന്ത്രിക്കുന്നത് ഏജന്റുമാരാണെന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ശക്തമായിരുന്നു.
പുതിയ പരിഷ്കാരത്തിലൂടെ വാഹന സേവനങ്ങള്‍ക്കായി അപേക്ഷിക്കുമ്പോള്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി കൃത്യമായി നല്‍കേണ്ടി വരും. മുമ്പ് ഇതിനായി വ്യക്തികളുടെ നേരിട്ടുള്ള സാന്നിധ്യമോ ആധാറോ ആവശ്യമില്ലാതിരുന്നതിനാല്‍ വിവിധ സേവനങ്ങള്‍ പലരും പൂര്‍ണ്ണമായും ഇടനിലക്കാരെ ഏല്‍പ്പിക്കുന്നതായിരുന്നു പതിവ് രീതി.
പുതിയ മാറ്റം വരുന്നതോടെ ഇത്തരം അനധികൃത ഇടപാടുകള്‍ക്ക് തടയിടാനാകുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

