യുഎസും കാനഡയും തമ്മിലുള്ള നയപരമായ ഭിന്നതകൾ പുതിയ തലത്തിലേക്ക്. അമേരിക്കയും കാനഡയും അതിർത്തി പങ്കിടുന്ന ഒന്റാരിയോ തടാകത്തിന്റെ പേര് അമേരിക്ക തടാകം എന്നാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാറ്റിയതിന് പിന്നാലെയാണ് കാനഡയുടെ പ്രതിരോധ നടപടി.
വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് കാനഡയ്ക്കെതിരെ ഡോണൾഡ് ട്രംപ് കടുത്ത നടപടികളുമായി മുന്നോട്ടുപോയിരുന്നു. കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ പ്രഖ്യാപിച്ച അദ്ദേഹം, കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് അടുത്ത വർഷം ജനുവരി ഒന്നിനുമുതൽ സമാനമായ തീരുവ ഏർപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് മറുപടിയായി യുഎസിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് കാനഡയും കനത്ത തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒന്റാരിയോ തടാകത്തിന്റെ പേര് മാറ്റിയ അമേരിക്കൻ നടപടിക്ക് പകരമായി കാനഡ രംഗത്തെത്തിയത്.
ഒട്ടാവ സിറ്റിയിലെ സെൻട്രൽ പാർക്ക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ‘ട്രംപ് അവന്യൂ’ എന്ന തെരുവിന്റെ പേര് മാറ്റാൻ ഒട്ടാവ സിറ്റി കൗൺസിൽ ഐകകണ്ഠേന തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി അറിയപ്പെടുന്ന ഈ തെരുവിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ പേരുകളാണ് ചർച്ചയിലുള്ളത്.
‘ടാകോ’ അവന്യൂ, ഒബാമ അവന്യൂ എന്നിവയ്ക്കൊപ്പം ഒന്റാരിയോ അവന്യൂ, കാനഡ അവന്യൂ, ബീവർ അവന്യൂ, ഗൾഫ് ഓഫ് മെക്സിക്കോ അവന്യൂ, പെലോസി അവന്യൂ തുടങ്ങിയ പേരുകളും കൗൺസിലിന്റെ പരിഗണനയിലുണ്ട്. ഇതിൽ ‘ടാകോ’ (Trump Always Chickens Out) എന്ന പദം ഓഹരി വിപണിയിലെ നിക്ഷേപകർ ട്രംപിന്റെ നിലപാട് മാറ്റങ്ങളെ പരിഹസിക്കാൻ ഉപയോഗിക്കുന്നതാണ്.
എങ്കിലും, തെരുവിന്റെ പേരുമാറ്റം പെട്ടെന്നുണ്ടാകില്ല. വരുന്ന ഒക്ടോബറിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.
കാനഡയെ നിരന്തരം അവഗണിക്കുന്ന ട്രംപിന്റെ പേര് തെരുവിന് നൽകിയിരിക്കുന്നത് പൊതുജനങ്ങൾക്ക് അപമാനകരമാണെന്ന് ഒട്ടാവ കൗൺസിലർ റൈലി ബ്രോക്കിങ്ടൺ വ്യക്തമാക്കി. പേരുമാറ്റം യാഥാർത്ഥ്യമാക്കാൻ പ്രദേശത്തെ കുടുംബങ്ങളുടെ ഭൂരിപക്ഷ പിന്തുണയും നിർബന്ധമാണ്.
മുൻപ് 2021ലും സമാനമായ നീക്കം നടന്നിരുന്നെങ്കിലും ഭൂരിപക്ഷ പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

