അടിയുടുപ്പ് വിപണിയിലെ മുൻനിര ബ്രാൻഡായ ജോക്കിയുടെ പരസ്യവാചകം ‘ജോക്കി ഓർ നതിങ്’ എന്നാണ്. എന്നാൽ ‘ജോക്കി ആൻഡ് എവരിതിങ്’ എന്ന് അവകാശപ്പെടാവുന്നൊരു നിക്ഷേപകനുണ്ട്, പുലക് പ്രസാദ്.
ജോക്കി ബ്രാൻഡിന്റെ ഇന്ത്യൻ നിർമാതാക്കളായ പേജ് ഇൻഡസ്ട്രീസ് 2007ലാണ് ഓഹരിവിപണിയിലെത്തിയത്. തൊട്ടടുത്ത വർഷം പുലകിന്റെ നാളന്ദ ക്യാപ്പിറ്റൽ അതിൽ നിക്ഷേപം നടത്തി.
ഓഹരിയൊന്നിന് ഏകദേശം 455 രൂപ നിലവാരത്തിലായിരുന്നു തുടക്കം. 35 കോടിക്കു സ്വന്തമാക്കിയത് 7.97 ശതമാനം ഓഹരിയാണ്.
മികച്ച ROCE നിലനിർത്തിയ, വില തീരുമാനിക്കാൻ കരുത്തുള്ള ആ ബിസിനസിനെ, ഓഹരിവില ഉയർന്നപ്പോഴും അദ്ദേഹം വിറ്റൊഴിവാക്കിയില്ല. വർഷങ്ങൾക്കു ശേഷം 54,349 രൂപയിലേക്ക് ഓഹരിവില വളർന്നു.
വിപണിയിലെ ദിവസേനയുള്ള ബഹളങ്ങളിൽ പെടാതെ, ശാന്തമായി കാത്തിരിക്കുന്ന ഒരു ‘മടിയൻ നിക്ഷേപകന്’ കോംപൗണ്ടിങ് സമ്മാനിക്കുന്ന നേട്ടത്തിനുള്ള ഏറ്റവും മികച്ച തെളിവാണിത്. പുലകിന്റെ ആപ്തവാക്യങ്ങളിലൊന്നു തന്നെ ‘Don’t be lazy-be very lazy’ എന്നതാണ്.
അതെ, ‘വെറും മടിയനാകാതെ, കുഴിമടിയനാകുക’ എന്നതുതന്നെ. ആരാണ് പുലക് പ്രസാദ്? ഐഐടി ഡൽഹി, ഐഐഎം അഹമ്മദാബാദ് എന്നിവിടങ്ങളിലെ പഠനത്തിനും മക്കിൻസി, വാർബർഗ് പിൻകസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ പ്രവർത്തന പരിചയത്തിനും ശേഷമാണ് 2007ൽ പുലക് സിംഗപ്പൂർ ആസ്ഥാനമായി നാളന്ദ ക്യാപിറ്റൽ സ്ഥാപിച്ചത്.
ആഗോള സർവകലാശാലാ എൻഡോവ്മെന്റുകൾക്കും ജീവകാരുണ്യ ഫണ്ടുകൾക്കുമായി 500 കോടി ഡോളറിലധികം ആസ്തി കൈകാര്യം ചെയ്യുന്ന നാളന്ദയുടെ രീതി തികച്ചും അസാധാരണമാണ്. പരമ്പരാഗത വാൾസ്ട്രീറ്റ് സാമ്പത്തിക സിദ്ധാന്തങ്ങൾക്കു പകരം, ചാൾസ് ഡാർവിന്റെ പരിണാമ ജീവശാസ്ത്രത്തിലേക്ക് ഉറ്റുനോക്കുകയും നിക്ഷേപ തത്വങ്ങൾ രൂപപ്പെടുത്തുകയുമാണ് പുലകിന്റെ രീതി.
‘വാട്ട് ഐ ലേൺഡ് എബൗട്ട് ഇൻവെസ്റ്റിങ് ഫ്രം ഡാർവിൻ’ എന്ന അദ്ദേഹത്തിന്റെ പുസ്തകം ഈ അപൂർവ കാഴ്ചപ്പാടുകളുടെ സമാഹാരമാണ്. ഡാർവീനിയൻ കാതൽ: പരിണാമം പഠിപ്പിച്ച മൂന്ന് പാഠങ്ങൾ സാമ്പത്തിക ശാസ്ത്രജ്ഞരേക്കാൾ മികച്ച ഉപദേശകരാണ് പ്രകൃതിശാസ്ത്രജ്ഞരെന്നു പുലക് വിശ്വസിക്കുന്നു.
പ്രകൃതിയിൽ ജീവവർഗങ്ങൾ മുൻഗണന നൽകുന്നത് അമിത വളർച്ചയ്ക്കല്ല, മറിച്ച് ‘വംശനാശം’ വരാതെ നോക്കാനാണ്. ഈ ഡാർവീനിയൻ തത്വത്തെ അടിസ്ഥാനമാക്കി നാളന്ദ തങ്ങളുടെ നിക്ഷേപ തന്ത്രത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നു: 1.
വംശനാശം ഒഴിവാക്കുക (Avoid Big Risks)
പരിണാമത്തിൽ ജീവികൾ വരുത്തുന്ന രണ്ടു തെറ്റുകളുണ്ട്:
– ടൈപ്പ് 1 തെറ്റ് (Error of Commission): വിഷമുള്ള പഴം ഭക്ഷ്യയോഗ്യമാണെന്നു കരുതി കഴിച്ച് മരണം വരിക്കുക. ഓഹരി വിപണിയിൽ ഇത് തെറ്റായ, മോശം കമ്പനിയിൽ നിക്ഷേപിച്ച് പണം മുഴുവൻ നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്.
– ടൈപ്പ് 2 തെറ്റ് (Error of Omission): വെറുമൊരു നിഴൽകണ്ട് പേടിച്ചോടി ഇരയെ നഷ്ടപ്പെടുത്തുന്നത് പോലെയുള്ളത്.
വിപണിയിൽ ഒരു മികച്ച മൾട്ടിബാഗർ ഓഹരി വാങ്ങാതെ വിട്ടുപോകുന്നത് ഇതിന് ഉദാഹരണമാണ്. പ്രകൃതിയെപ്പോലെ നാളന്ദയും ഭയപ്പെടുന്നത് ടൈപ്പ് 1 തെറ്റുകളെയാണ്.
ചില മികച്ച അവസരങ്ങൾ നഷ്ടപ്പെട്ടാലും (ടൈപ്പ് 2), ശാശ്വതമായി മൂലധനം നഷ്ടമാകുന്ന തെറ്റുകൾ വരുത്താതിരിക്കാൻ അവർ ശ്രദ്ധിക്കുന്നു. അമിത കടബാധ്യത, വൻകിട
ഏറ്റെടുക്കലുകൾ, അതിവേഗം മാറുന്ന സാങ്കേതികവിദ്യകൾ, പ്രതിസന്ധിയിൽനിന്ന് കരകയറാൻ നോക്കുന്ന ടേൺഎറൗണ്ട് കമ്പനികൾ, വിശ്വാസ്യതയില്ലാത്ത മാനേജ്മെന്റുകൾ എന്നിവയുള്ള ഓഹരികളെ നാളന്ദ പൂർണമായി ഒഴിവാക്കുന്നു. 2.
ഉയർന്ന ഗുണനിലവാരം, ന്യായവില (High Quality at Fair Price)
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള കമ്പനികളെയാണ് നാളന്ദ തിരഞ്ഞെടുക്കുന്നത്. ഇതിനായി പുലകും സംഘവും ആശ്രയിക്കുന്ന പ്രധാന അളവുകോൽ ROCE ആണ്.
തുടർച്ചയായി 10–15 വർഷം ഉയർന്ന ROCE നിലനിർത്തുന്ന ലളിതമായ ബിസിനസുകൾക്ക് മികച്ച പ്രൈസിങ് പവറും ശക്തമായ മാനേജ്മെന്റും പുതിയ എതിരാളികൾ കടന്നുവരാത്ത വിധത്തിലുള്ള വിപണി മുൻതൂക്കവുമുണ്ടാകും. ഇ-കൊമേഴ്സിനേക്കാൾ എൻസൈമുകളോടും സെമികണ്ടക്ടറുകളേക്കാൾ സാനിറ്ററി വെയറുകളോടും ഇലക്ട്രിക് വാഹനങ്ങളേക്കാൾ ഫാനുകളോടാണ് താല്പര്യമെന്ന് പുലക് പുസ്തകത്തിൽ പറയുന്നുണ്ട്.
3. കുഴിമടിയനായിരിക്കുക (Strategic Inaction)
പരിണാമം പോലെ തന്നെ സമ്പത്ത് വളരുന്നതും അതീവ നിശ്ശബ്ദമായ ദീർഘകാല പ്രക്രിയയിലൂടെയാണ്.
മികച്ച കമ്പനി ലഭിച്ചുകഴിഞ്ഞാൽ, പിന്നീട് വാങ്ങലും വിൽക്കലും നടത്താതെ ‘ഒന്നും ചെയ്യാതിരിക്കുക’ എന്നതാണ് ശീലം. കടമെടുക്കാതെയുള്ള ഓഹരി നിക്ഷേപത്തിൽ പരമാവധി നഷ്ടപ്പെടാൻ സാധ്യതയുള്ളത് നാം നിക്ഷേപിച്ച തുക (100%) മാത്രമാണ്.
എന്നാൽ ഒരു മികച്ച ബിസിനസിൽനിന്ന് ലഭിക്കാവുന്ന നേട്ടത്തിന് പരിധികളില്ല. മാനേജ്മെന്റിൽ ഗുരുതരമായ തകർച്ചയോ ബിസിനസ് അടിത്തറയ്ക്കു മാറ്റമോ വരാത്തിടത്തോളം നാളന്ദ ഓഹരികൾ വിൽക്കാറില്ല.
ഗ്രാന്റ്-കെർട്ടൻ തത്വം: വിപണി ചാഞ്ചാട്ടങ്ങളിലെ ശാന്തത വിപണിയിലെ ഹ്രസ്വകാല ഇടിവുകളെ പുലക് നോക്കിക്കാണുന്നത് പരിണാമ ജീവശാസ്ത്രത്തിലെ ഗ്രാന്റ്-കെർട്ടൻ തത്വത്തിലൂടെയാണ്. ഓരോ പാദത്തിലെയും വരുമാനക്കണക്കുകളോ ഓഹരിവിലയോ ചാഞ്ചാടുമ്പോഴും മികച്ച കമ്പനികളുടെ വ്യാപാര അടിത്തറ പതിറ്റാണ്ടുകളോളം മാറ്റമില്ലാതെ നിൽക്കുന്നു.
അതിനാൽ വിപണിയിലെ തകർച്ചകൾ ഓഹരികൾ വിൽക്കാനല്ല, മികച്ചവ കൂടുതൽ വാങ്ങിക്കൂട്ടാനാണ് ഉപയോഗിക്കേണ്ടത്. നാളന്ദയുടെ പോർട്ട്ഫോളിയോ പേജ് ഇൻഡസ്ട്രീസിന് പുറമെ, നാളന്ദ ദീർഘകാലം നിലനിർത്തിയ പ്രമുഖ നിക്ഷേപങ്ങളെല്ലാം ഈ തത്ത്വങ്ങളുടെ പ്രതിഫലനമാണ്: – ബർജർ പെയിന്റ്സ്: കളർബാങ്കും കളറൈസറും പോലുള്ള കംപ്യൂട്ടർവൽക്കരിച്ച ടിന്റിങ് സിസ്റ്റങ്ങളും വിതരണ കരുത്തും വഴി മികച്ച പ്രകടനം കാഴ്ചവച്ച കമ്പനി.
2008 മുതൽ ഒന്നര പതിറ്റാണ്ടിലേറെയായി നാളന്ദ ഇതിൽ നിക്ഷേപം തുടരുന്നു.
– ഹാവെൽസ് ഇന്ത്യ: 2011ൽ കമ്പനി സിൽവാനിയ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ സമയത്ത്, അവരുടെ ശക്തമായ ഡീലർ ശൃംഖലയും ബ്രാൻഡും തിരിച്ചറിഞ്ഞ് നടത്തിയ നിക്ഷേപം വലിയ മൾട്ടിബാഗറായി മാറി.
– സുപ്രീം ഇൻഡസ്ട്രീസ്: ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് പ്രോസസിങ് കമ്പനിയായ സുപ്രീമിൽ 2008ൽ 100 രൂപയിൽ താഴെ നിലവാരത്തിൽ നിക്ഷേപിച്ചു. വലിയ തോതിലുള്ള ഉൽപാദനക്ഷമതയും സ്ഥിരമായ ലാഭവളർച്ചയുമാണ് ഇതിന്റെ കരുത്ത്.
– മൈൻഡ്ട്രീ: സാധാരണയായി ഐടി മേഖല ഒഴിവാക്കാറുണ്ടെങ്കിലും, മികച്ച മാനേജ്മെന്റും കോർപറേറ്റ് ഗവേണൻസും ഡിജിറ്റൽ വൈദഗ്ധ്യവും മുൻനിർത്തി 2009ൽ നിക്ഷേപം നടത്തുകയും ഒരു പതിറ്റാണ്ടോളം പ്രധാന നിക്ഷേപകരായി തുടരുകയും ചെയ്തു.
കടമില്ലാത്ത ബാലൻസ് ഷീറ്റുകൾ, ഉയർന്ന ROCE, ശക്തമായ മാനേജ്മെന്റ് എന്നിവയാണ് ഈ കമ്പനികളുടെയെല്ലാം പൊതു സവിശേഷത. നാളന്ദ ക്യാപ്പിറ്റൽ വല്ലപ്പോഴുമേ പുതിയ ഓഹരികൾ വാങ്ങാറുള്ളൂ, അതിലും വിരളമായേ വിൽക്കാറുള്ളൂ.
വിപണിയിലെ ദിവസേനയുള്ള വാർത്തകൾക്കും ഊഹാപോഹങ്ങൾക്കും പിന്നാലെ പായാതെ, തെറ്റായ കമ്പനികളെ കർശനമായി ഒഴിവാക്കുകയും തിരഞ്ഞെടുക്കപ്പെട്ട മികച്ച ബിസിനസുകൾക്കൊപ്പം ശാന്തമായി ദശാബ്ദങ്ങളോളം കൂടെയിരിക്കുകയും ചെയ്യുക-ഇതാണ് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽനിന്ന് പുലക് പ്രസാദ് ആർജിച്ച അതിജീവന പാഠം.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മനോരമയുടേതല്ല. അത് X/Ronit Pereiraൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

