തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമങ്ങൾ അന്തിമഘട്ടത്തിലേക്ക്. ഒവാലി പഞ്ചായത്തിലെ ലോറസ്റ്റൻ മേഖല കേന്ദ്രീകരിച്ച് രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.
കടുവയെ മയക്കുവെടി വെച്ച് പിടികൂടാനായി രണ്ട് പ്രത്യേക ദൗത്യസംഘങ്ങൾ പ്രദേശത്ത് ക്യാമ്പ് ചെയ്ത് വരികയാണ്. മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആനപ്പന്തിയിൽ നിന്നും എത്തിച്ചിട്ടുള്ള രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയുള്ള തിരച്ചിലാണ് ഇപ്പോൾ നടക്കുന്നത്.
ആനപ്പുറത്തിരുന്ന് മയക്കുവെടി വെക്കുന്നതിനാണ് വനം വകുപ്പ് മുൻഗണന നൽകുന്നത്. തേനി വനം വകുപ്പ് ഡിവിഷനിൽ നിന്നുള്ള പ്രത്യേക ടാസ്ക് ഫോഴ്സും ദൗത്യത്തിൽ പങ്കുചേർന്നിട്ടുണ്ട്.
പ്രദേശത്ത് 130 ക്യാമറകളും 12 കൂറ്റൻ കൂടുകളും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, കടുവയുടെ ശാരീരികക്ഷമതയും ജാഗ്രതയും കാരണം അവ കെണിയിൽ അകപ്പെട്ടിട്ടില്ല. നേരത്തെ ടി.ആർ ബസാറിൽ സ്ത്രീയെ ആക്രമിച്ച കടുവ തന്നെയാണിതെന്നും അധികൃതർ സംശയിക്കുന്നുണ്ട്.
കാപ്പിത്തോട്ടങ്ങളും ഇടതൂർന്ന വനമേഖലയും നിറഞ്ഞ ഭൂപ്രകൃതി ദൗത്യത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ, കടുവയെ വെടിവെച്ചുകൊല്ലണമെന്നും ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഗൂഡല്ലൂർ നിയോജകമണ്ഡലത്തിൽ നടന്ന 48 മണിക്കൂർ ബന്ദ് പൂർത്തിയായി. ബന്ദിന്റെ രണ്ടാം ദിവസമായ ഇന്നലെ കേരളത്തിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞു.
ഗൂഡല്ലൂരിലേക്കെത്തിയ ചില വാഹനങ്ങൾ നാട്ടുകാർ തടഞ്ഞതിനെത്തുടർന്ന് പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. കോഴിക്കോട് റോഡിലെ നന്തട്ടിയിൽ നാട്ടുകാർ വാഹനങ്ങൾ തടഞ്ഞിരുന്നു.
പ്രദേശത്തെ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്കൂളുകൾ തുറന്നെങ്കിലും വിദ്യാർഥികളുടെ ഹാജർ കുറവായിരുന്നു.
തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സർവീസുകൾ വെട്ടിച്ചുരുക്കി. കേരള അതിർത്തിയായ വഴിക്കടവ് ചെക്ക്പോസ്റ്റിൽ നിന്ന് വിനോദസഞ്ചാരികളുടെ വാഹനങ്ങൾ പോലീസ് മടക്കി അയച്ചു.
ഇതിനിടെ, പാണ്ടിയാറിന് സമീപം കല്ലേറിൽ മൂന്ന് വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. അരിക്കോടിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനം, പോലീസ് വാഹനം, വനം വകുപ്പിന്റെ വാഹനം എന്നിവയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.
നീലഗിരി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് മണ്ഡലത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 13 ദിവസത്തിനിടെ രണ്ടുപേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

