പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ഗാലക്സി എസ്26 സീരീസ് ഫോണുകളിലേക്ക് പുതിയ വൺ യുഐ 9 ബീറ്റ (One UI Beta 9) അപ്ഡേറ്റ് പുറത്തിറങ്ങി. ഗാലക്സി ഇതര ഫോൾഡബിൾ മോഡലുകളിൽ ലഭ്യമായിരുന്ന ചില പ്രധാന ഫീച്ചറുകളാണ് ഈ പുതിയ അപ്ഡേറ്റിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്.
ആഗസ്റ്റ് 28 മുതൽ ഈ അപ്ഡേറ്റ് ലഭ്യമായി തുടങ്ങുമെന്നാണ് വിവരം. സാങ്കേതിക നിരീക്ഷകരുടെ റിപ്പോർട്ടുകൾ പ്രകാരം, പുതിയ അപ്ഡേറ്റിലൂടെ മൈ ഫാൻക്യാം (My FanCam), കോൾ ബ്രീഫ് (Call Brief), കസ്റ്റം നൗ ബ്രീഫ് കാർഡുകൾ എന്നിവയുൾപ്പെടെയുള്ള സവിശേഷതകളാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിർമ്മിത ബുദ്ധി (AI) അടിസ്ഥാനമാക്കിയാണ് ഈ പുതിയ ഫീച്ചറുകളെല്ലാം പ്രവർത്തിക്കുന്നത്. ഗ്രൂപ്പ് ഫോട്ടോകളിലോ വൈഡ് ആംഗിൾ ചിത്രങ്ങളിലോ ഉപയോക്താക്കൾക്ക് താൽപ്പര്യമുള്ള വ്യക്തിയെ കൃത്യമായി ഫോക്കസ് ചെയ്യാനും സെന്റർ ചെയ്യാനും സൂം ചെയ്യാനും മൈ ഫാൻക്യാം ഫീച്ചർ സഹായിക്കുന്നു.
ഫോൺ സംഭാഷണത്തിനിടയിൽ കലണ്ടർ ഇവന്റുകൾ, ഇമെയിലുകൾ, റിമൈൻഡറുകൾ തുടങ്ങിയ പ്രധാന വിവരങ്ങൾ ഉപയോക്താക്കൾക്ക് മുന്നിലെത്തിക്കുന്നതാണ് കോൾ ബ്രീഫ് സംവിധാനം. കൂടാതെ, ഉപയോക്താക്കളുടെ ദിനചര്യകളും താൽപ്പര്യങ്ങളും അടിസ്ഥാനമാക്കി വ്യക്തിഗത നിർദ്ദേശങ്ങൾ നൽകുന്ന കസ്റ്റം നൗ ബ്രീഫ് കാർഡുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ പ്രധാന ഫീച്ചറുകൾക്ക് പുറമെ, ഹോം സ്ക്രീനിൽ നീക്കം ചെയ്യാൻ സാധിക്കുന്ന പുതിയ സെർച്ച് ബാറും, സാംസങ് ബ്രൗസർ, ഗാലറി എന്നിവയ്ക്കായി എഐ അപ്ഗ്രേഡുകളും പുതിയ പതിപ്പിലുണ്ട്. ഫോണുകളിലെ റീബൂട്ടിംഗ് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനൊപ്പം ‘ഡു നോട്ട് ഡിസ്റ്റർബ്’ മോഡിന്റെ പ്രവർത്തനവും അപ്ഡേറ്റിലൂടെ മെച്ചപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ഗാലക്സി എസ്26, എസ്26 പ്ലസ്, എസ്26 അൾട്രാ എന്നീ മോഡലുകളിലാണ് ഈ ബീറ്റ അപ്ഡേറ്റ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ മറ്റ് മുൻനിര ഡിവൈസുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

