കേരളത്തിൽ സ്വർണവിലയിൽ ഉച്ചയ്ക്കുശേഷം വൻ വർധന രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാകാതിരുന്നിട്ടും സംസ്ഥാനത്ത് വില കുത്തനെ ഉയരുകയായിരുന്നു.
ഗ്രാമിന് 120 രൂപ വർധിച്ച് 14,770 രൂപയാണ് പുതിയ നിരക്ക്. ഇതോടെ പവൻവില 960 രൂപ കൂടി 1,18,160 രൂപയിലെത്തി.
രാവിലത്തെ വിപണിയിൽ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ കെവിൻ വാർഷ് ഇന്ത്യൻ സമയം ഇന്നു വൈകിട്ട് ഏഴരയോടെ ‘ജാക്സൺ ഹോൾ സിംപോസിയം’ വാർഷിക പ്രഭാഷണം നടത്തുന്നുണ്ട്.
അടിസ്ഥാന പലിശനിരക്ക്, പണപ്പെരുപ്പം എന്നിവയുടെ ഭാവി ദിശ എന്തായിരിക്കുമെന്ന നിർണായക സൂചനകൾ അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ ഉണ്ടാകുമെന്നാണ് വിപണിയുടെ വിലയിരുത്തൽ. പണപ്പെരുപ്പവും പലിശനിരക്കും ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിൽ കനത്ത ലാഭമെടുപ്പ് നടന്നിരുന്നു.
ഇത് വില ഇടിയുന്നതിന് കാരണമായിരുന്നു. എന്നാൽ, വിപണിയിൽ ഡിമാൻഡ് വീണ്ടും മെച്ചപ്പെട്ടത് വിലയിൽ പെട്ടെന്നുള്ള തിരിച്ചുകയറ്റത്തിന് വഴിയൊരുക്കുകയായിരുന്നു.
അതേസമയം, രാജ്യാന്തര വിപണിയിൽ കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടായിട്ടില്ല. ഔൺസിന് 12 ഡോളർ ഇടിഞ്ഞ് 4,598 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.
ഫെഡറൽ റിസർവ് ചെയർമാന്റെ പ്രഭാഷണത്തിന് ശേഷം സ്വർണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. ഇതിനിടെ, സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവിലയും വർധിച്ചിട്ടുണ്ട്.
ഉച്ചയ്ക്കുശേഷം 18 കാരറ്റ് സ്വർണവില ഗ്രാമിന് 95 രൂപ കൂടി 12,135 രൂപയായി. എന്നാൽ വെള്ളിവിലയിൽ ഉച്ചയ്ക്ക് ശേഷം മാറ്റമൊന്നും ഉണ്ടായിട്ടില്ല; ഗ്രാമിന് 255 രൂപ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.
ഉപഭോക്താക്കൾ സ്വർണം ആഭരണമായി വാങ്ങുമ്പോൾ മൂന്ന് ശതമാനം ജിഎസ്ടി, മൂന്ന് മുതൽ മുപ്പത് ശതമാനം വരെയാകാവുന്ന പണിക്കൂലി, കൂടാതെ 53.10 രൂപ ഹോൾമാർക്ക് ചാർജ് എന്നിവ കൂടി ബാധകമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

