കോഴിക്കോട് ജില്ലയിലെ വടകര കണ്ണൂക്കര പാതിയാക്കര ജുമാ മസ്ജിദിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ സ്വീകരിച്ച നടപടിയിൽ യുഡിഎഫിൽ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പ്. പള്ളിക്കുള്ളിൽ അതിക്രമം അഴിച്ചുവിട്ടവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് ദുൽഖിഫിൽ രംഗത്തുവന്നു.
“പള്ളിക്കകത്ത് കയ്യാങ്കളിയും തെറിവിളിയും നടത്തിവർക്കെതിരെ നടപടി വേണം” എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “അവരാണ് പൊലീസിനെ പള്ളിക്കകത്ത് കയറ്റിയതെന്ന്” ദുൽഖിഫിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.
പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ പ്രദേശത്ത് ഏറെനാളായി തർക്കം നിലനിൽക്കുന്നുണ്ട്. നബിദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക് നിലവിലെ ഖത്തീബ് നേതൃത്വം നൽകിയതുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും പിന്നീട് സംഘർഷവുമുണ്ടായത്.
തുടർന്ന് സ്ഥലത്തെത്തിയ ചോമ്പാല പൊലീസ് സംഘം പള്ളിക്കകത്തു പ്രവേശിക്കുകയും ആളുകളെ ലാത്തിവീശി പിരിച്ചുവിടുകയും ചെയ്യുകയായിരുന്നു. എന്നാൽ പൊലീസ് നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നതോടെ സേനയിലെ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചു.
ചോമ്പാല സ്റ്റേഷനിലെ 5 പേരെയാണ് സംഭവത്തിൽ സ്ഥലം മാറ്റിയത്. ഈ സ്ഥലംമാറ്റ നടപടിയിൽ പൊലീസിനുള്ളിലും കടുത്ത അതൃപ്തി പുകയുന്നുണ്ട്.
തങ്ങൾക്ക് യാതൊരുവിധ വീഴ്ചയും പറ്റിയിട്ടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നിലപാട്. മഹല്ല് കമ്മിറ്റി വിളിച്ചിട്ടാണ് തങ്ങൾ പള്ളിയിൽ എത്തിയതെന്നും പൊലീസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പൊലീസ് നടപടിയെ പൂർണ്ണമായും ന്യായീകരിച്ച് എൽഡിഎഫ് നേതാവ് സലീം മടവൂർ രംഗത്തെത്തി. പൊലീസിനെ സംഘിമനസുള്ളവരെന്ന് വിളിക്കാനാവില്ലെന്നും കുറ്റക്കാർ പള്ളി കമ്മിറ്റിക്കാർ തന്നെയാണെന്നും പള്ളിയിൽ അടിപിടികൂടിയാൽ പൊലീസിന് അവരുടെ ജോലി ചെയ്യേണ്ടിവരുമെന്നും സലീം മടവൂർ വ്യക്തമാക്കി.
എന്നാൽ സിപിഎം ഇത്തരം വൈകാരിക വിഷയങ്ങൾ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന് ദുൽഖിഫിൽ ശക്തമായി ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

