തലസ്ഥാനത്ത് മന്തിക്കടയിൽ രണ്ടാമതും ചോറ് ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിൽ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റു. ഹോട്ടൽ ജീവനക്കാരും വിദ്യാർത്ഥി സംഘവും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ പേട്ട
പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കടയിലെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാച്ചല്ലൂർ സ്വദേശികളായ ഹാജ, ആഷിക്, ആസിഫ്, ഹാരിഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ ഓർഡർ ചെയ്തിരുന്നത് ഹാഫ് മന്തിയായിരുന്നു.
എന്നാൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ രണ്ടാമതും ചോറ് ആവശ്യപ്പെട്ടപ്പോൾ ഹോട്ടലുകാർ അത് നൽകാൻ തയ്യാറായില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. പണം നൽകി ചോറ് വാങ്ങാമെന്ന് പറഞ്ഞിട്ടും ജീവനക്കാർ ചോറില്ലെന്ന് പറഞ്ഞ് തങ്ങളെ പുറത്താക്കാൻ ശ്രമിച്ചുവെന്നും തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഹോട്ടൽ ജീവനക്കാർ മർദ്ദിക്കുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്.
അതേസമയം, ഫുൾ മന്തിക്ക് മാത്രമേ അൺലിമിറ്റഡ് ചോറ് ലഭിക്കുകയുള്ളൂവെന്നും ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നെന്നുമാണ് ഹോട്ടൽ ജീവനക്കാർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മർദ്ദനത്തിനിരയായവരിൽ മൂന്നുപേരും സഹോദരങ്ങളാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

