പ്രശസ്ത വാഹന നിർമാതാക്കളായ ജീപ്പ് ബ്രാൻഡിന്റെ 85-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജനപ്രിയ എസ്യുവിയായ കോമ്പസിന്റെ പ്രത്യേക പതിപ്പ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ‘85-ാം വാർഷിക പതിപ്പ്’ എന്ന പേരിലെത്തുന്ന ഈ ലിമിറ്റഡ് എഡിഷൻ മോഡലിന്റെ രാജ്യത്തെ ആകെ ലഭ്യത 85 യൂണിറ്റുകൾ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
വാഹനത്തിന്റെ എക്സ്-ഷോറൂം വില 26.70 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. എൻജിൻ ഉൾപ്പെടെയുള്ള മെക്കാനിക്കൽ ഘടകങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെങ്കിലും, രൂപകൽപ്പനയിലും ഫീച്ചറുകളിലും ആക്സസറികളിലും പ്രത്യേക കസ്റ്റമൈസേഷനുകളോടെയാണ് പുതിയ വാർഷിക പതിപ്പ് എത്തുന്നത്.
പുറംഭാഗത്ത് 18 ഇഞ്ച് പൂർണമായും കറുപ്പ് നിറത്തിലുള്ള അലോയ് വീലുകളാണ് പ്രധാന ആകർഷണം. വാഹനത്തിന്റെ 85-ാം വാർഷികത്തെ ഓർമിപ്പിക്കുന്ന പ്രത്യേക ബാഡ്ജുകളും സ്റ്റിക്കറുകളും ഇതിൽ ഇടംപിടിച്ചിട്ടുണ്ട്.
ജീപ്പിന്റെ സിഗ്നേച്ചർ 7-സ്ലോട്ട് ഗ്രിൽ, എൽഇഡി ലൈറ്റുകൾ, എസ്യുവിയുടെ കരുത്തുറ്റ ഘടന എന്നിവ അതേപടി നിലനിർത്തിയിരിക്കുന്നു. അകത്തളത്തിലേക്ക് വരുമ്പോൾ, പൂർണമായും കറുപ്പ് നിറത്തിലുള്ള തീമിന് ഒപ്പം മായൻ ഗോൾഡ് ആക്സന്റുകൾ നൽകി പ്രീമിയം ലുക്ക് നിലനിർത്തിയിരിക്കുന്നു.
സുരക്ഷയ്ക്കും സൗകര്യത്തിനുമായി പുതിയ ഡിജിറ്റൽ ഐആർവിഎം, മുന്നിലും പിന്നിലും ദൃശ്യങ്ങൾ പകർത്തുന്ന ഡാഷ് ക്യാമറകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സൺറൂഫിന് ചുറ്റുമുള്ള ‘സ്കൈലോഞ്ച്’ ആംബിയന്റ് ലൈറ്റിങ്ങും പുതിയ ക്യാബിൻ ലൈറ്റിങ് പാക്കേജും വാഹനത്തിന് മികച്ച യാത്രാനുഭവം സമ്മാനിക്കും.
പെർഫോമൻസിന്റെ കാര്യത്തിൽ, ഇതിൽ 2.0 ലിറ്റർ മൾട്ടിജെറ്റ് II ടർബോ ഡീസൽ എൻജിൻ തന്നെയാണ് നൽകിയിട്ടുള്ളത്. 4 സിലിണ്ടർ എൻജിൻ 170 ബിഎച്ച്പി കരുപ്പും 350 എൻഎം ടോർക്കും പുറത്തുവിടും.
ഉപഭോക്താക്കൾക്ക് 6 സ്പീഡ് മാനുവൽ, 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ തെരഞ്ഞെടുക്കാം. ഉയർന്ന വേരിയന്റുകളിൽ ജീപ്പിന്റെ 4×4 ഡ്രൈവ് സംവിധാനവും ലഭ്യമാണ്.
2017 മുതൽ ഇന്ത്യൻ നിരത്തുകളിൽ സജീവമായ കോമ്പസിന്റെ ഈ പുതിയ ലിമിറ്റഡ് എഡിഷന്റെ ബുക്കിങ് ഔദ്യോഗിക ഡീലർഷിപ്പുകൾ വഴിയും ഓൺലൈനായും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

