നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയുണ്ടായ മിന്നൽപ്രളയത്തിൽ വൻ നാശനഷ്ടം. ദുരന്തത്തിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം മരണസംഖ്യ 170 ആയി ഉയർന്നു.
അപകടത്തിൽ 105 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് യാത്ര തിരിച്ച 37 പേരെക്കുറിച്ചും, ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ യാതൊരു വിവരവും ലഭ്യമല്ല.
ദുരന്തത്തിൽ ആകെ 800-ൽ അധികം പേരെ കാണാതായതായാണ് നേപ്പാളി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിൽ 466 പേർ വിനോദസഞ്ചാരികളാണെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു.
നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം ആകെ 384 വിനോദസഞ്ചാരികളെയാണ് കാണാതായിട്ടുള്ളത്. ടിബറ്റൻ മേഖലയിലുണ്ടായ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്നുണ്ടായ ഹിമപാതമാണ് നദിയിലെ ജലനിരപ്പ് ഉയരാൻ കാരണമെന്ന് നേപ്പാൾ ഭരണകൂടം വ്യക്തമാക്കി.
പ്രളയത്തിൽ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണ്ണമായി തകർന്നു. ദുരന്തബാധിത പ്രദേശങ്ങളിൽ നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ ഇന്ത്യയിലെ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കും സഹായത്തിനായി നോർക്ക റൂട്ട്സ് പ്രത്യേക ഹെൽപ് ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. സഹായത്തിനായി നോർക്കയുടെ 1070 എന്ന ടോൾ ഫ്രീ നമ്പറിലോ അല്ലെങ്കിൽ വിദേശകാര്യ മന്ത്രാലയം തുറന്നിട്ടുള്ള 0086 139 8999 0012, 0086 185 1428 4905 എന്നീ ഹെൽപ് ലൈൻ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

