ദിവസത്തെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് സ്മാർട്ട്ഫോണുകളിൽ റീൽസുകളും ദൃശ്യങ്ങളും കാണുന്ന ശീലം തലച്ചോറിൻ്റെ സുഗമമായ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നു. രാത്രി വൈകി ഉറങ്ങി രാവിലെ കൂടുതൽ സമയം ഉറങ്ങുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കില്ലെന്നും, തലച്ചോറിനേൽക്കുന്ന ആഘാതം ഇതുവഴി ലഘീകരിക്കാനാകില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഗാഢനിദ്രയുടെ വേളയിലാണ് തലച്ചോറ് പുതിയ വിവരങ്ങൾ ചിട്ടപ്പെടുത്തുന്നതും, ഓർമ്മകളെ ക്രമീകരിക്കുന്നതും, കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതും, അവശിഷ്ടവിഷവസ്തുക്കളെ പുറന്തള്ളുന്നതും. എന്നാൽ രാത്രിയിൽ സന്ദേശങ്ങൾ അയക്കുന്നതും ദൃശ്യങ്ങൾ ആസ്വദിക്കുന്നതും തലച്ചോറിനെ നിരന്തരം ഉത്തേജിതമാക്കി നിർത്തുന്നു.
സ്മാർട്ട്ഫോൺ സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം (ബ്ലൂ ലൈറ്റ്) ഉറക്കത്തെ നിയന്ത്രിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിൻ്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് ശരീരത്തിൻ്റെ സ്വാഭാവിക ജൈവിക ഘഡിയെ താളംതെറ്റിക്കുകയും, എട്ട് മണിക്കൂർ ഉറക്കം ലഭിച്ചാൽ പോലും രാവിലെ ഉന്മേഷക്കുറവ് അനുഭവപ്പെടാൻ കാരണമാവുകയും ചെയ്യുന്നു.
ഉറക്കക്കുറവ് മനുഷ്യൻ്റെ ഓർമ്മശക്തിയെയും കാര്യങ്ങൾ ഗ്രഹിക്കാനുള്ള നൈപുണ്യത്തെയും സാരമായി ബാധിക്കും. കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ പ്രയാസങ്ങൾ നേരിടുക, അകാരണമായ ദേഷ്യം, ഉത്കണ്ഠ, മാനസിക സമ്മർദ്ദം എന്നിവ വർദ്ധിക്കുക തുടങ്ങിയ പ്രശ്നങ്ങളും ഇതിലൂടെ ഉണ്ടായേക്കാം.
ചിന്തകളിൽ വ്യക്തത നഷ്ടപ്പെടുന്ന ‘ബ്രെയിൻ ഫോഗ്’ എന്ന അവസ്ഥയ്ക്കും ഇത് വഴിവെക്കാം. മൈഗ്രേൻ അഥവാ അതിശക്തമായ തലവേദന സംബന്ധമായ അസുഖങ്ങളുള്ളവരിൽ രോഗലക്ഷണങ്ങൾ കൂടുതൽ തീവ്രമാകാനും ഈ ശീലം കാരണമാകുന്നു.
കടുത്ത ശാരീരിക ക്ഷീണം ഉണ്ടെങ്കിലും ഉറക്കം വരാതിരിക്കുക, രാത്രിയിൽ പലതവണ ഉറക്കം തടസ്സപ്പെട്ടുണരുക, രാവിലെ ഉണരുമ്പോൾ ഉന്മേഷമില്ലായ്മ അനുഭവപ്പെടുക, തലവേദന, ഏകാഗ്രതക്കുറവ്, മറവിരോഗാവസ്ഥ, പെട്ടെന്നുള്ള ദേഷ്യവും ഉത്കണ്ഠയും, പകൽ സമയങ്ങളിൽ അമിതമായി ഉറക്കം തൂങ്ങുക തുടങ്ങിയവയെല്ലാം അമിതമായ ഫോൺ ഉപയോഗം ഉറക്കത്തെയും ആരോഗ്യത്തെയും തകരാറിലാക്കുന്നു എന്നതിൻ്റെ പ്രധാന ലക്ഷണങ്ങളാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

