സംസ്ഥാനത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി പുൽപള്ളി ഇരുളം ഗ്രാമത്തിൽ തീർത്ത ഭീമൻ പൂക്കളം ശ്രദ്ധേയമാകുന്നു. ‘ഇരുളത്താണ് ഓണം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി ഗവ.ഹൈസ്കൂൾ മൈതാനത്താണ് ഈ വർണവിസ്മയം തീർത്തിരിക്കുന്നത്.
25,000 ചതുരശ്ര അടിയിൽ പത്ത് ടൺ പൂക്കളുപയോഗിച്ചാണ് ഈ ദൃശ്യവിഭവം തയ്യാറാക്കിയിട്ടുള്ളത്. 1500 പേരുടെ കൂട്ടായ്മയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായി വെറും ഒരു ദിവസം കൊണ്ടാണ് പൂക്കളം പൂർത്തീകരിച്ചത്.
ഇരുളം ലയൺസ് ക്ലബ്ബിന്റെ ആശയത്തിൽ രൂപംകൊണ്ട ഈ ബൃഹത്തായ പദ്ധതി പിന്നീട് നാടൊന്നാകെ ഏറ്റെടുക്കുകയായിരുന്നു.
പ്രദേശത്തെ സന്നദ്ധ സംഘടനകൾ, വിവിധ ക്ലബ്ബുകൾ, ട്രേഡ് യൂണിയനുകൾ, വ്യാപാരികൾ, ഡ്രൈവർമാർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവർ ഒറ്റക്കെട്ടായി ഈ ഉദ്യമത്തിനായി രംഗത്തിറങ്ങി. പൂക്കളത്തിൽ മാവേലിക്കൊപ്പം പ്രദേശവാസികളുടെ പ്രത്യേക വികാരമായ മണിയൻ കാട്ടാനയുടെ രൂപവും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്.
രാത്രിയിലും പൂക്കളം കാണുന്നതിനായി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേക ഫ്ലഡ് ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. സാംസ്കാരികോത്സവം വരുന്ന 27ന് ഔദ്യോഗികമായി സമാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

