നരഭോജി കടുവയെ വെടിവച്ചു കൊല്ലുക, ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം വർധിപ്പിച്ചു നൽകുക തുടങ്ങിയ ശക്തമായ ആവശ്യങ്ങളുന്നയിച്ച് ഗൂഡല്ലൂർ നിയോജകമണ്ഡലത്തിൽ 48 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്തു. സർവകക്ഷികളുടെയും വ്യാപാരി വ്യവസായികളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ നിർണായക തീരുമാനം എടുത്തത്.
ഗൂഡല്ലൂർ എംഎൽഎ ദ്രാവിഡമണിയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേർന്നത്. പതിമൂന്ന് ദിവസത്തിനുള്ളിൽ രണ്ട് പേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
തുടർ മരണങ്ങൾ ഉണ്ടായതിനെ തുടർന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങിയ പൊതുപ്രവർത്തകരെയും ജനങ്ങളെയും വനംവകുപ്പും പൊലീസും ചേർന്ന് അടിച്ചമർത്താൻ ശ്രമിച്ച നടപടി തീർത്തും അന്യായമാണെന്ന് യോഗം വിലയിരുത്തി. അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുഴുവൻ പേരെയും ഉടൻ മോചിപ്പിക്കണമെന്നും ആവശ്യമുയർന്നു.
കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ സർക്കാർ സ്കൂളുകൾക്ക് അവധി നൽകുക, ജനങ്ങളെ ദുരിതത്തിലാക്കുന്ന ജന്മംഭൂമി കേസ് സംബന്ധിച്ച് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കുക, മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള റോഡ് ഗതാഗതത്തിന് പൂർണ്ണമായും തുറന്നു നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങളും ബന്ദിന് പിന്നിലുണ്ട്. 27-ാം തീയതി രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ബന്ദ് 29-ാം തീയതി രാവിലെ 6 മണിവരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
സമരത്തിന് സമൂഹത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ശക്തമായ പിന്തുണ ലഭിച്ചതായി സംഘാടകർ അറിയിച്ചു. അതിനിടയിൽ, ലോറസ്റ്റണിൽ രണ്ട് പേരുടെ മരണത്തിന് കാരണമായ കടുവയ്ക്കായുള്ള തെരച്ചിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഫലം കണ്ടിട്ടില്ല.
പ്രദേശത്ത് സ്ഥാപിച്ച ക്യാമറകളിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും, ഇത് ആളുകളെ ആക്രമിച്ച അതേ നരഭോജി കടുവയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയാത്തത് വനംവകുപ്പിന് വലിയ പ്രതിസന്ധിയായിട്ടുണ്ട്. കോടമഞ്ഞും കനത്ത മഴയും കാരണം ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിൽ ലക്ഷ്യം കാണുന്നില്ല.
എങ്കിലും വനംവകുപ്പ് ജീവനക്കാർ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇതുവരെ പ്രദേശത്ത് 120 ക്യാമറകളും 12 കൂറ്റൻ കൂടുകളും സ്ഥാപിച്ചിട്ടുണ്ട്.
ക്യാമറയിൽ പതിഞ്ഞത് ആരോഗ്യവാനായ ഒരു കടുവയുടെ ദൃശ്യമാണെങ്കിലും ഇത് നരഭോജി തന്നെയാണോ എന്ന സംശയത്തിലാണ് അധികൃതർ. കടുവയെ വെടിവച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
എന്നാൽ നരഭോജിയായി മാറിയ കടുവയെ വെടിവച്ചു കൊല്ലരുതെന്നാണ് ഹൈക്കോടതിയുടെ നിലവിലുള്ള ഉത്തരവ്. കടുവ കൂട്ടിൽ കയറാത്ത പക്ഷം മാത്രം മയക്കുവെടി വച്ച് പിടികൂടണമെന്നാണ് വനംവകുപ്പിന്റെ നിർദേശം.
ഇതിനായി രണ്ട് പ്രത്യേക സംഘങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ലോറസ്റ്റൻ, ബാരം, ആത്തൂർ ബെൽമാടി, ഹെലൻ, ചൂണ്ടി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ മേഖലകളിലെ സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അധ്യാപകർക്കും വനംവകുപ്പ് ജീവനക്കാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കടുവയെ പിടികൂടാൻ നേരിടുന്ന താമസം ജനജീവിതം പൂർണ്ണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്.
പ്രദേശത്തെ തോട്ടങ്ങളിലെ തൊഴിലുകളും നിർത്തിവെച്ചിരിക്കുകയാണ്. കടുവയെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള തീവ്ര പരിശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

