നാടും നഗരവും തികഞ്ഞ ആഘോഷലഹരിയിൽ അമരുമ്പോഴും വിശ്രമമില്ലാത്ത ജോലിയിലാണ് ഓൺലൈൻ ഡെലിവറി ജീവനക്കാർ. സ്വിഗ്ഗി, സൊമാറ്റോ, ഇൻസ്റ്റാമാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികളാണ് ഓണനാളുകളിലും സജീവമായി റോഡുകളിലുള്ളത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സദ്യ ഉൾപ്പെടെയുള്ളവ ഓൺലൈൻ വഴി ഓർഡർ ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഡെലിവറി പ്ലാറ്റ്ഫോമുകളുടെ ചുമതലക്കാർ വ്യക്തമാക്കുന്നു. പള്ളുരുത്തി സ്വദേശിയായ സന്തോഷ് തന്റെ ഓണക്കാല ജോലിയെക്കുറിച്ച് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: ‘‘ഓടാതിരിക്കാൻ പറ്റില്ല.
പൈസയ്ക്ക് അത്യാവശ്യങ്ങളുണ്ട്. ഇഎംഐ ഒക്കെയുണ്ട്.
പിന്നെ ഞാൻ സദ്യയൊന്നും കഴിക്കാറില്ല. ഡെലിവറിക്കിടയിൽ എവിടുന്നെങ്കിലും കഴിക്കും.
ഇന്ന് ആള് കുറവായതുകൊണ്ട് എനിക്ക് പെട്ടെന്ന് കൂടുതൽ ഓർഡറുകൾ കിട്ടാൻ സാധ്യതയുണ്ട്. പണി പെട്ടെന്ന് കഴിഞ്ഞാൽ എനിക്ക് വേഗം വീട്ടിൽ പോകാം’’.
ഓണത്തിന് മുൻപുള്ള ദിവസങ്ങളിൽ ഗ്രൂപ്പായി പുറത്തുപോയി ഭക്ഷണം കഴിക്കാനാണ് ആളുകൾ സാധാരണയായി താൽപ്പര്യപ്പെടാറുള്ളതെന്ന് സ്വിഗ്ഗിയുടെ കൊച്ചി, കോയമ്പത്തൂർ മേഖലയുടെ ചുമതലക്കാരനായ നഹാസ് സിദ്ദിഖ് പറയുന്നു. ‘‘അതുകൊണ്ട് തന്നെ ഓൺലൈൻ വഴി കൂടുതൽ സദ്യ ഓർഡർ ചെയ്യുന്നത് മറ്റ് നഗരങ്ങളിൽ നിന്നോ കേരളത്തിന് പുറത്തുനിന്നോ ഇവിടെ എത്തി താമസിക്കുന്നവരാണ്, കുടുംബങ്ങൾ പൊതുവേ ഇത് പ്രിഫർ ചെയ്യാറില്ല.
സാധാരണ ലഭിക്കുന്ന ഓർഡറുകൾക്ക് പുറമെ സദ്യയും ഇന്നും നാളെയുമായി കൂടുതൽ വിറ്റഴിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷത്തെ ഓണത്തിന്റെ തലേദിവസത്തെ ഓർഡറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ സദ്യയ്ക്കുള്ള ഡിമാൻഡും ഓർഡറുകളുടെ എണ്ണവും വളരെ കൂടുതലാണ്’’, അദ്ദേഹം കൂട്ടിച്ചേർത്തു.
ആളുകൾ ആവശ്യാനുസരണം ടൈം സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നുണ്ടെന്നും ശക്തമായ തിരക്കാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ തിരക്കുകൾ ഒന്നും തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് പെരുമ്പാവൂർ സ്വദേശിയും കൊച്ചിയിലെ താമസക്കാരനുമായ അജീഷ് പറയുന്നത്.
കടവന്ത്രയിലെ സ്ഥാപനത്തിൽ ഉൽപ്പന്നം എത്തിച്ച് ഒടിപിക്കായി കാത്തിരിക്കവെയാണ് അദ്ദേഹം പ്രതികരിച്ചത്. ‘‘കണ്ടില്ലേ, ഇങ്ങനെയാണ് പണി കിട്ടുന്നത്.
10 മിനിറ്റിനുള്ളിൽ ഡെലിവറി എത്തിക്കാൻ ഞാൻ നോക്കാറുണ്ട്. പക്ഷെ ഓപ്പൺ ബോക്സ് ഡെലിവറികളിൽ കസ്റ്റമറുടെ അടുത്ത് നിന്ന് ഒടിപി കിട്ടാൻ താമസിക്കുന്നത് വലിയ പണിയാണ്.
ചിലപ്പോൾ ഒടിപി കിട്ടാതെ ഓർഡർ ക്യാൻസൽ ചെയ്ത് എനിക്ക് തിരികെ കൊണ്ടുപോകേണ്ടി വരാറുണ്ട്. ഓപ്പൺ ബോക്സ് ഡെലിവറി ആകുമ്പോൾ പാക്കറ്റ് തുറന്ന് സാധനങ്ങൾക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തണം.
ഞാൻ പഠിക്കുന്നത് കൊണ്ട് ഇന്നലെ ഓടാൻ വന്നിരുന്നില്ല. സാധാരണ ഇടദിവസങ്ങളിൽ പോകാറില്ല, ആഴ്ചയിൽ ഞായറാഴ്ചകളിൽ മാത്രമേ ഓടാറുള്ളൂ.
ഇന്ന് ഓണം ആയതുകൊണ്ട് മാത്രം ഇറങ്ങിയതാണ്’’, അജീഷ് പറഞ്ഞു. അതേസമയം, കൂടുതൽ ഓട്ടങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ അവധി വേണ്ടെന്നാണ് സന്തോഷിന്റെ തീരുമാനം.
എട്ട് മണിക്കൂർ ലോഗിൻ സമയം പൂർത്തിയാക്കിയാൽ മാത്രമേ ഇൻസെന്റീവ് ലഭിക്കൂ എന്നതിനാൽ പലരും വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്യുന്നു. ‘‘പെട്രോളിന് ഒരു 150 രൂപ മാറ്റിവെച്ചാൽ 1000 രൂപയോളം കയ്യിൽ കിട്ടാറുണ്ട്.
ഇന്ന് 1400 മുതൽ 1500 രൂപ വരെ കിട്ടാൻ ചാൻസുണ്ട്. 8 മണിക്കൂർ ലോഗിൻ തികച്ചാലേ ഇൻസെന്റീവ് കിട്ടൂ.
15 ഓർഡറിന് 550 രൂപയും 20 ഓർഡറിന് 750 രൂപയും എന്ന കണക്കിൽ ഓർഡറുകൾ കൂടുന്നതനുസരിച്ച് ഇൻസെന്റീവും കൂടും. കൂടുതലും പൂക്കളും വീട്ടുസാധനങ്ങളുമാണ് ആളുകൾ ഇന്നൊക്കെ ഓർഡർ ചെയ്യുന്നത്.
ഇന്നലെ നല്ല ഓട്ടമായിരുന്നു, നാളെ കടകളൊക്കെ അടയ്ക്കുന്നതുകൊണ്ട് ഓർഡറുകൾ ഇനിയും കൂടും’’, സന്തോഷ് വ്യക്തമാക്കി. കോവിഡ് കാലത്ത് സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ പച്ചാളം സ്വദേശിയായ കൃഷ്ണകുമാറിനും ഈ ഓണക്കാലത്ത് വിശ്രമമില്ല.
‘‘സാധാരണ ചില ദിവസങ്ങളിൽ കുഴപ്പമില്ലാത്ത ഓർഡറുകൾ ഉണ്ടാകും, ചില ദിവസങ്ങളിൽ വളരെ കുറവായിരിക്കും. ഞാൻ ഇപ്പോൾ കടവന്ത്ര സർക്കിളിലാണ് ഓടുന്നത്.
അതിൽ ചെറിയ തുക ആയിരിക്കുമെങ്കിലും എണ്ണം കൂടുതൽ ലഭിക്കാറുണ്ട്. ഇന്നലെ കുഴപ്പമില്ലായിരുന്നു, എന്നാൽ ഇന്ന് രാവിലെ തൊട്ട് നല്ല മന്ദതയാണ്, ആളുകൾ കുറവാണെന്ന് തോന്നുന്നു.
കമ്പനി ചില സമയങ്ങളിൽ കട്ടിങ് നടത്താറുണ്ട്. അവർ കാണിക്കുന്ന റൂട്ടിൽ പോകാതെ 100 മീറ്റർ വ്യത്യാസത്തിൽ വേറെ വഴി തിരഞ്ഞെടുക്കുകയോ, ‘നോ എൻട്രി’ കാരണം തിരിഞ്ഞു പോകുകയോ ചെയ്താൽ ആ ദൂരത്തിന് പൈസ കുറയ്ക്കും.
ഉച്ച സമയത്ത് ശരാശരി 10 മുതൽ 15 ഓർഡറുകൾ വരേണ്ടതാണ്. ഇന്നലെ ഞാൻ ഉച്ചയ്ക്ക് 12 മണിക്ക് ഇറങ്ങി രാത്രി 11 മണി വരെ ഓടി 28 ഓർഡറുകൾ ചെയ്തു.
ചില ദിവസങ്ങളിൽ 35 മുതൽ 40 ഓർഡറുകൾ വരെ കിട്ടാറുണ്ട്. ഇന്നലെ ഓർഡറുകളിൽ നിന്ന് 1400 രൂപയും 475 രൂപ ഇൻസെന്റീവും ചേർത്ത് മൊത്തം 1900 രൂപയോളം കിട്ടി.
അതിൽ 300 രൂപയോളം പെട്രോളിനും പിന്നെ ഫുഡിനും മാറ്റിവെച്ചാൽ കൈയ്യിൽ 1000 മുതൽ 1500 രൂപ വരെ ഉണ്ടാകും’’, കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

