കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന് തകർപ്പൻ വിജയം. അവസാന നിമിഷങ്ങളിൽ ഒറ്റയാൾ പോരാളിയായി മാറിയ മുഹമ്മദ് ഇനാന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ടീമിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്.
തുടർച്ചയായ സിക്സറുകളിലൂടെ ഇനാൻ മത്സരം ടൈറ്റൻസിന്റെ അനുകൂലമാക്കുകയായിരുന്നു. മത്സരത്തിൽ ഒരു ഘട്ടത്തിൽ പതറിയ ശേഷമാണ് തൃശൂർ ടൈറ്റൻസ് തിരിച്ചുവന്നത്.
14.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിൽ പരുങ്ങിയ ടൈറ്റൻസിന് തുണയായത് ഇനാന്റെ നിർണായക ബാറ്റിങ് പ്രകടനമാണ്. വെറും 15 പന്തിൽ 41 റൺസ് നേടിയ താരം, ഫീൽഡർമാരുടെ കൈയെത്താദൂരത്തിന് മുകളിലൂടെ പന്തുകൾ അതിർത്തി കടത്തി.
ഒരു വശത്ത് തുടർച്ചയായി വിക്കറ്റുകൾ വീണപ്പോഴും മറുവശത്ത് ഉറച്ചുനിന്ന ഇനാൻ ഒട്ടും പ്രതീക്ഷ കൈവിടാതെയാണ് പോരാടിയത്. മത്സരത്തിന്റെ നിർണായക ഘട്ടമായ അവസാന ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലായിരുന്നു ടൈറ്റൻസ്.
വിജയത്തിലേക്ക് അവസാന ഓവറിൽ വേണ്ടിയിരുന്നത് 17 റൺസ് ആയിരുന്നു. സിവി വിനോദ് കുമാർ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ഓഫ് സൈഡിലും വൈഡ് ലൈനിനോടു ചേർന്നും എറിയാനുള്ള എതിർ ടീമിന്റെ തന്ത്രം ആദ്യഘട്ടത്തിൽ വിജയിച്ചെങ്കിലും, രണ്ടാം പന്ത് മുതൽ ഇനാനെ പിടിച്ചുകെട്ടാൻ ബൗളർക്കായില്ല.
രണ്ടാം പന്ത് ഓഫ് സൈഡിലേക്ക് എത്തിയതോടെ ഇനാൻ ലോംഗ് ഓഫിന് മുകളിലൂടെ ഗംഭീര സിക്സർ പറത്തി. പിന്നാലെ വന്ന രണ്ട് പന്തുകൾ കൂടി തുടർച്ചയായി അതിർത്തി കടത്തിയതോടെ മുഹമ്മദ് ഇനാൻ തൃശൂർ ടൈറ്റൻസിനെ വിജയതീരത്തെത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

