വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡ്രസ് കോഡ് ലംഘിക്കാൻ ഒരു വിദ്യാർഥിക്കും അനുവാദമില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. സ്കൂളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുകന്യ റിസ്വി എന്ന വിദ്യാർഥിനി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
ഹിജാബ് ഒഴിവാക്കാനാവാത്ത മതാചാരമല്ലെന്നും അങ്ങനെയാണെന്നു തെളിയിക്കുന്ന വസ്തുതകൾ ഹർജിക്കാരി ഹാജരാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രയാഗ്രാജ് നഗരത്തിലെ സ്വകാര്യ സ്കൂളിൽ പത്താംക്ലാസ് പാസായതിനു ശേഷം ഇതേ സ്ഥാപനത്തിൽ പതിനൊന്നാം ക്ലാസിൽ അഡ്മിഷനു കാത്തുനിൽക്കുകയാണ് കുട്ടി.
യൂണിഫോമിനൊപ്പം ഹിജാബും ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതാവ് മുഖാന്തിരമാണ് കുട്ടി കോടതിയെ സമീപിച്ചത്. ഹിജാബും ശിരോവസ്ത്രവും ധരിക്കുന്നത് ഇസ്ലാം ആചാരപ്രകാരം ഒഴിച്ചുകൂടാനാകാത്തതാണെന്നും ഇതേ സ്കൂളിൽ ആറാം ക്ലാസ് മുതൽ താൻ ഹിജാബ് ധരിച്ചുവരുന്നുണ്ടെന്നും എന്നാൽ പ്ലസ് വൺ പ്രവേശനത്തിന്റെ സമയത്ത്, ഹിജാബ് ധരിക്കുന്നത് ഡ്രസ് കോഡിന്റെ ലംഘനമാണെന്നു പറഞ്ഞ് മാനേജ്മെന്റ് പ്രവേശനം നിഷേധിച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, സ്കൂളിലെ വിവിധ ക്ലാസുകളിൽനിന്നുള്ള ചിത്രങ്ങൾ പരിശോധിച്ചതിൽനിന്ന് ഹർജിക്കാരിയൊഴികെ, ഇസ്ലാം മതവിഭാഗത്തിൽപെടുന്ന മറ്റു കുട്ടികളടക്കം ആരും ഹിജാബ് ധരിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇസ്ലാമിൽ ഹിജാബ് ഒഴിച്ചുകൂടാനാകാത്തതാണെന്ന വാദവും ജഡ്ജിമാരായ ജെ.ജെ.മുനീർ, ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ബെഞ്ച് തള്ളിക്കളഞ്ഞു.
‘ഈ വിഷയം ഉയർന്നുവന്ന സമയങ്ങളിലെല്ലാം, ധരിച്ചില്ലെങ്കിൽ വിശ്വാസം അപകടത്തിലാകുന്ന തരത്തിൽ ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ല ഹിജാബെന്ന് കോടതികൾ ഏകകണ്ഠമായി തീരുമാനമെടുത്തിട്ടുണ്ടെന്നും’ ബെഞ്ച് എടുത്തുപറഞ്ഞു. സ്കൂളിന്റെ ഡ്രസ് കോഡ് നീതിയുക്തവും വിവേചനരഹിതവും അച്ചടക്കവും തുല്യതയും കാത്തുസൂക്ഷിക്കുന്ന തരത്തിലും ഉള്ളതാണെങ്കിൽ അക്കാര്യത്തിൽ സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശം സ്ഥാപനങ്ങൾക്കുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

