മൂന്ന് വ്യത്യസ്ത റെയിൽവേകളുടെ പരിധിയിലുണ്ടായിരുന്ന മംഗളൂരു മേഖലയെ ഒറ്റ റെയിൽവേയുടെ കീഴിലേക്ക് മാറ്റുന്നതിനാണ് പാലക്കാട് ഡിവിഷൻ വിഭജിച്ചതെന്ന് റെയിൽവേ ബോർഡ് വ്യക്തമാക്കി. പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധികാരപരിധി പുനർനിർണയിച്ചതെന്നും, ഈ നടപടിയെ കേരളത്തിലെ ജനങ്ങൾ അനുകൂല സമീപനത്തോടെ കാണണമെന്നും ഔദ്യോഗിക വിശദീകരണത്തിൽ അഭ്യർത്ഥിക്കുന്നു.
ട്രെയിൻ സർവീസുകളുടെ ഏകോപനം, സമയക്രമം പാലിക്കൽ, യാത്രക്കാരുടെ സൗകര്യങ്ങൾ, ചരക്കുനീക്കം എന്നിവ കൂടുതൽ കുറ്റമറ്റതാക്കാനാണ് ഈ വിഭജനത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ദക്ഷിണ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ എന്നീ രണ്ട് സോണുകളുടെയും കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെയും കീഴിലാണ് മംഗളൂരു മേഖല പ്രവർത്തിക്കുന്നത്.
ഇതിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ എന്ന ഒറ്റ സോണിന്റെ കീഴിലാക്കുന്നത് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും. ഗോവ അല്ലെങ്കിൽ ഹാസൻ ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് എത്തുന്ന ട്രെയിനുകൾ സ്റ്റേഷനിൽ പ്രവേശിക്കുന്നതിന് മുൻപ് മൂന്ന് ഡിവിഷൻ പരിധികളും പല ഇന്റർചേഞ്ച് പോയിന്റുകളും പിന്നിടേണ്ടി വരുന്നത് ട്രെയിനുകൾ വൈകാൻ കാരണമാകുന്നുണ്ട്.
കൂടാതെ, പാലക്കാട് ഡിവിഷന്റെ ഏറ്റവും അറ്റത്തുള്ള മംഗളൂരുവിൽ നിന്ന് ഡിവിഷൻ ആസ്ഥാനത്തേക്ക് 350 കിലോമീറ്ററിലധികം ദൂരമുണ്ടെന്നും റെയിൽവേയുടെ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഡിവിഷന്റെയോ സോണിന്റെയോ വരുമാനമല്ല, മറിച്ച് ശൃംഖലയുടെ ആവശ്യകത മുൻനിർത്തിയാണ് റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിൽ നിക്ഷേപം നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിലെ ട്രെയിൻ ഗതാഗതം കൂടുതൽ പുഷ്ടിപ്പെടുത്തുന്നതിന്റെ ഭാഗമായി 6 സെക്ഷനുകളിലായി 800 കിലോമീറ്ററിലധികം ദൂരെ മൂന്ന്, നാല് ലൈൻ വിപുലീകരണത്തിനായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള സർവേ പുരോഗമിക്കുകയാണെന്നും കുറിപ്പിൽ പരാമർശിക്കുന്നു. മലബാറിനു റെയിൽവേ പദ്ധതികൾ നേടിയെടുക്കാൻ ശ്രമം വേണം പാലക്കാട് ഡിവിഷൻ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ, റെയിൽവേ വികസനത്തിൽ മലബാർ മേഖല നേരിടുന്ന അവഗണനകൾ അവസാനിപ്പിക്കാൻ കേരളം അടിയന്തരമായി പുതിയ പദ്ധതികൾക്കായി രംഗത്തിറങ്ങണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഗുരുവായൂർ– തിരുനാവായ, നിലമ്പൂർ– നഞ്ചൻകോട് പുതിയ പാതകൾ റെയിൽവേയുടെ പൂർണ്ണ ചെലവിൽ നിർമ്മിച്ചു നൽകുമെന്ന് ഉറപ്പുവാങ്ങുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമായും മുന്നോട്ടുവെക്കുന്നത്. കുമ്പളയിൽ പുതിയ റെയിൽവേ ടെർമിനൽ സ്ഥാപിക്കുക, കണ്ണൂരിലും കോഴിക്കോടും ആവശ്യമായ ഇടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, തൃശൂർ– തിരുപ്പൂർ (പൊള്ളാച്ചി വഴി) പുതിയ പാത യാഥാർത്ഥ്യമാക്കുക, മുൻപ് സർവേ നടത്തിയ അങ്ങാടിപ്പുറം– കോഴിക്കോട് പാത നടപ്പിലാക്കുക, ഷൊർണൂർ– നിലമ്പൂർ പാത ഇരട്ടിപ്പിക്കുക, 40 ഏക്കർ ഭൂമി ലഭ്യമായ നിലമ്പൂരിൽ പ്ലാറ്റ്ഫോമുകളുടെ എണ്ണം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കണമെന്നാണ് നിർദ്ദേശം.
കേന്ദ്ര സർക്കാരിന് ആവശ്യമായ പിന്തുണ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ഉറപ്പുനൽകേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖത്തേക്ക് ബെംഗളൂരുവിൽ നിന്നുള്ള കണ്ടെയ്നർ നീക്കത്തിന് ഏറ്റവും ദൂരം കുറഞ്ഞ യാത്രാമാർഗ്ഗമായി മാറുവാൻ നിലമ്പൂർ– നഞ്ചൻകോട് പാതയ്ക്ക് സാധിക്കും.
അതിനാൽ ഈ പദ്ധതി ദേശീയ പ്രാധാന്യമുള്ള പദ്ധതികളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ റെയിൽവേയ്ക്ക് സാധിക്കും. സംസ്ഥാന സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ശക്തമായ ഇടപെടലുകൾ ഇല്ലാതെ ദക്ഷിണ റെയിൽവേ പുതിയ പദ്ധതികൾക്കുള്ള ശുപാർശകൾ സമർപ്പിക്കാൻ സാധ്യതയില്ല.
ആവശ്യത്തിന് മെമു സർവീസുകൾ ഇല്ലാത്തതിനാൽ മലബാർ മേഖലയിൽ ഹ്രസ്വദൂര യാത്രകളും ദുരിതത്തിലാണെന്ന് ആക്ഷേപമുണ്ട്. പാലക്കാട് ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് എംപിമാർ തിരുവോണ ദിവസം സത്യഗ്രഹം നടത്തുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എംപിമാർ അടിയന്തരമായി റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് പാലക്കാടിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ മുൻകൈയെടുക്കണമെന്നാണ് വിവിധ യാത്രാ സംഘടനകളുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

